Daveed Personal Opinion| ഇത് വെറുമൊരു ഇടിപടമല്ല, പക്കാ ബോക്‌സിങ്
വി. ജസ്‌ന
2025 Feb 15, 05:53 am
Saturday, 15th February 2025, 11:23 am
എതിരാളി എത്ര ശക്തനായാലും ഒരു ചെറിയ കല്ല് മതി അയാളെ തറപറ്റിക്കാന്‍. ഒറ്റക്കല്ല് കൊണ്ട് ഗോലിയാത്തിനെ തോല്‍പ്പിച്ച ദാവീദിന്റെ കഥ എല്ലാവര്‍ക്കും പരിചിതമാണ്. തന്റെ മുന്നില്‍ നില്‍ക്കുന്ന ആളുകളെയെല്ലാം തോല്‍പിച്ച് ജയിച്ചു നിന്ന ഗോലിയാത്തിനെ കവണയും കല്ലുമെറിഞ്ഞ് ഒരൊറ്റ നിമിഷം കൊണ്ടാണ് ഇടയബാലനായ ദാവീദ് നിലംപതിപ്പിക്കുന്നത്. ശക്തനായ എതിരാളിയെ തോല്‍പ്പിക്കുന്ന ദുര്‍ബലനെ കുറിച്ച് പറയുമ്പോള്‍ മിക്ക സിനിമകളിലും പറയുന്ന കഥയാണ് ദാവീദിന്റേത്.
ഈ ദാവീദിനെയും ഗോലിയാത്തിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ആന്റണി വര്‍ഗീസ് പെപ്പെ നായകനായ ദാവീദ് എന്ന സിനിമ ആരംഭിക്കുന്നത്. ഒരു വലിയ സൈന്യത്തെ മൊത്തം തോല്‍പ്പിച്ചവനാണോ അതോ അവസാനം വെറുമൊരു കല്ലെറിഞ്ഞ് എതിരാളിയെ ഇല്ലാതാക്കിയവനാണോ ഹീറോ എന്ന ചോദ്യം ചോദിച്ചു കൊണ്ടാണ് സിനിമ തുടങ്ങിയത്.
മട്ടാഞ്ചേരിയിലെ പുറമ്പോക്ക് ഭൂമിയില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം ജീവിക്കുന്ന ആഷിഖ് അബു എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ കഥയാണ് ദാവീദ് പറയുന്നത്. അയാള്‍ക്ക് മുന്നിലേക്ക് ലോക ബോക്‌സിങ് ചാമ്പ്യന്‍ കടന്നുവരികയും അയാളോട് അബുവിന് ഏറ്റുമുട്ടേണ്ടി വരികയുമാണ്. ആദ്യം ആ വെല്ലുവിളിയില്‍ നിന്ന് സ്വയം പിന്മാറുന്ന അയാള്‍ മകള്‍ക്ക് മുന്നില്‍ ഹീറോയാകാനും ഉള്ളില്‍ ഒളിപ്പിച്ച ഒരു പേടിയെ അതിജീവിക്കാനും ബോക്‌സിങ് റിങ്ങിലേക്ക് ഇറങ്ങുകയാണ്.
ആന്റണി വര്‍ഗീസ് പെപ്പയെ നായകനാക്കി നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് ദാവീദ്. ഈ സിനിമയുടെ ആദ്യം എടുത്തു പറയേണ്ടത് നായകനെ കുറിച്ച് തന്നെയാണ്. കിന്റല്‍ ഇടിയുള്ള ഇടിപടങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട പെപ്പെ തന്നെയാണ് ഈ സിനിമയുടെ ആദ്യ പോസിറ്റീവ്. ബോക്‌സറായി എത്തുന്ന പെപ്പെ ദാവീദിന് വേണ്ടി മാസങ്ങളോളം ബോക്‌സിങ് ട്രെയ്നിങ്ങെടുത്തതും പെപ്പെയ്ക്ക് ഔദ്യോഗിക ബോക്‌സിങ് ലൈസന്‍സ് ലഭിച്ചതും മുമ്പ് വലിയ വാര്‍ത്തയായിരുന്നു.
തുടക്കത്തില്‍ നാലാം ക്ലാസുകാരിയുടെ വാപ്പയായി എത്തുന്ന പെപ്പെ, സിനിമയുടെ പകുതിയാകുമ്പോള്‍ അബുവെന്ന ബോക്‌സറിലേക്ക് മാറുന്നു. അവിടെ ഏറെ സ്‌റ്റൈലിഷായ ഗെറ്റപ്പിലാണ് പെപ്പെ എത്തുന്നത്. ശാരീരികമായും മാനസികമായും ആഷിക് അബു ആകാനായി പെപ്പെ എത്രത്തോളം പണിയെടുത്തിട്ടുണ്ടെന്ന് സിനിമയിലൂടെ കാണാനാകും. തനിക്ക് കിട്ടിയ കഥാപാത്രത്തെ അത്രയേറെ മികച്ചതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

നായകനെ കുറിച്ച് പറഞ്ഞാല്‍ പിന്നെ വില്ലനെ കുറിച്ചും പറയണ്ടേ? നായകനൊത്ത വില്ലന്‍ തന്നെയാണ് തുര്‍ക്കിയില്‍ നിന്നുള്ള സൈനുല്‍ അക്മദോവ് എന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍. ഈജിപ്ഷ്യന്‍ വംശജനായ അമേരിക്കന്‍ നടന്‍ മോ ഇസ്മായിലാണ് അബുവിന്റെ റിങ്ങിലെ കരുത്തനായ എതിരാളി. അയാളുടെ സ്‌ക്രീന്‍പ്രസന്‍സ് ഈ സിനിമയുടെ മറ്റൊരു പോസിറ്റീവാണ്.
ദാവീദില്‍ ആഷിഖ് അബുവിന്റെ പങ്കാളിയായ ഷെറിനായി അഭിനയിക്കുന്നത് ലിജോമോള്‍ ജോസ് ആയിരുന്നു. ലിജോയുടെ ഏറ്റവും ശക്തമായ ഒരു കഥാപാത്രമാകും ദാവീദിലേത്. പൊന്‍മാനിന് ശേഷം ഈ വര്‍ഷം തിയേറ്ററില്‍ എത്തുന്ന ലിജോമോളുടെ രണ്ടാമത്തെ സിനിമയാണ് ദാവീദ്. തനിക്ക് പണിയെടുത്ത് ജീവിക്കാനുള്ള മനസുള്ള കാലത്തോളം ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് ഷെറിന്‍. ഒരുവേളയില്‍ ജോലി നഷ്ടമാകുന്ന അവള്‍ തളരാതെ മുന്നോട്ട് പോകുന്നത് കാണാം.
ബോക്‌സിങ് പരിശീലനത്തിനായി അബുവിനൊപ്പം നില്‍ക്കുന്നത് ആശാനായ രാഘവനാണ്. രാഘവനായി ദാവീദില്‍ എത്തുന്നത് നടന്‍ വിജയരാഘവനാണ്. അദ്ദേഹത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സും എടുത്ത് പറയേണ്ടതാണ്.
അബുവിന്റെ മകളായി എത്തിയ ജെസ് കുക്കുവിന്റെ പ്രകടനം മറക്കാനാവില്ല. അവര്‍ക്ക് പുറമെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍ തുടങ്ങിയ മികച്ച താരനിരയാണ് ദാവീദിലുള്ളത്. ഓരോരുത്തരം അവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയുടെ തുടക്കത്തില്‍ അച്ഛന്‍ – മകള്‍ ബന്ധവും കുടുംബ പശ്ചാത്തലവുമൊക്കെ പറഞ്ഞു പോകുന്ന സിനിമ പാതിയോടെയാണ് ബോക്‌സിങ്ങിലേക്ക് എത്തുന്നത്. അതിനിടയില്‍ പെപ്പെയുടെ ഒന്നിലധികം ആക്ഷന്‍ സീക്വന്‍സുകളുണ്ട്. തുടക്കംതന്നെ ഫാമിലി ഓഡിയന്‍സിനെ കയ്യില്‍ എടുത്ത ശേഷമാണ് സിനിമ മാസിലേക്കും ബോക്‌സിങ്ങിലേക്കും പോകുന്നത്. ഗംഭീരമായ ക്ലെമാക്‌സ് ഫൈറ്റാണ് സിനിമയിലുള്ളത്.
ഗോവിന്ദ് വിഷ്ണു തന്റെ ആദ്യം സംവിധാന ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച ഒരു ബോക്‌സിങ് പടമാണ് സമ്മാനിച്ചിരിക്കുന്നത്. ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും ചേര്‍ന്നാണ് ദാവീദിന് തിരക്കഥ ഒരുക്കിയത്. സാലു കെ. തോമസിന്റെ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗീസിന്റെ മ്യൂസിക്കും രാകേഷ് ചെറുമടത്തിന്റെ എഡിറ്റിങ്ങും ദാവീദിന്റെ ഏറ്റവും വലിയ പോസിറ്റീവാണ്.
പെപ്പെയുടെ അങ്കമാലി ഡയറീസ്, അജഗജാന്തരം, ആര്‍.ഡി.എക്‌സ് എന്നീ സിനിമകളില്‍ കണ്ട കിന്റല്‍ ഇടി പ്രതീക്ഷിച്ച് ഒരിക്കലും ദാവീദ് കാണാന്‍ പോകരുത്. ഇതില്‍ പക്കാ ബോക്‌സിങ്ങാണുള്ളത്, ഒരു ബോക്‌സിങ് മത്സരം കാണുന്ന ഫീല്‍. ചുരുക്കത്തില്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ നല്ല ലക്ഷണമൊത്തൊരു ബോക്‌സിങ് ചിത്രം കണ്ട സന്തോഷത്തില്‍ ഇറങ്ങാം.
Content Highlight: Antony Varghese Pepe’s Daveed Malayalam Movie Review