'ഈ കാറ്റ് തിരിച്ചടിക്കാന്‍ അധികനേരം വേണ്ട' രാജ് ബി. ഷെട്ടിയും പെപ്പെയും ഒന്നിക്കുന്നു; ടൈറ്റില്‍ പോസ്റ്റര്‍
Entertainment
'ഈ കാറ്റ് തിരിച്ചടിക്കാന്‍ അധികനേരം വേണ്ട' രാജ് ബി. ഷെട്ടിയും പെപ്പെയും ഒന്നിക്കുന്നു; ടൈറ്റില്‍ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th June 2024, 12:47 pm

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തു. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന് ‘കൊണ്ടല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ആന്റണിയെ ടീസറില്‍ അവതരിപ്പിക്കുന്നത്. നടുക്കടലിന്റെ ആഴത്തെക്കാള്‍ ഭയപ്പെടുത്തുന്ന, ഓരോ ദിക്കുകല്‍ നിന്നും വീശിയടിക്കുന്ന കാറ്റിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന ടീസര്‍ അവസാനിക്കുന്നത് ‘കൊണ്ടല്‍’ എന്ന പേരിലാണ്. കടലില്‍ നിന്നും കരയിലേക്ക് വീശിയടിക്കുന്ന നാലാം കാറ്റാണ് കൊണ്ടല്‍. കാറ്റ് തിരിച്ചടിക്കാന്‍ അധികനേരം വേണ്ട എന്ന മുന്നറിയിപ്പോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

96 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു കൊണ്ടലിന്റെ ചിത്രീകരണം. ഇതില്‍ എഴുപത്തിയഞ്ചോളം ദിനങ്ങള്‍ നടുക്കടലില്‍ തന്നെയാണ് ഷൂട്ടിങ്ങ് നടത്തിയത്. നീണ്ടു നില്‍ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആര്‍.ഡി.എക്സിന്റ വന്‍ വിജയത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമത് സിനിമ കൂടിയാണ്. സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെയും കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Also Read: തലവന്‍; ക്ലൈമാക്‌സിലെ ആ സീന്‍ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല; പിന്നീട് അങ്ങനെയൊന്ന് കൊണ്ടുവരാന്‍ കാരണമുണ്ട്: ജിസ് ജോയ്

ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി. ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിന്റെ സംസ്‌ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസങ്ങളോളം കടലില്‍ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം.

കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. എഴുപതോളം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ തകര്‍പ്പന്‍ റിവഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെ.ജി.എഫ് ചാപ്റ്റര്‍ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബോളിവുഡിലേയും കോളിവുഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖമായ പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍. സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലീ, രാഹുല്‍ രാജഗോപാല്‍, അഫ്സല്‍ പി.എച്ച്., റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റോയ്‌ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി. എസിന്റേതാണ് സംഗീതം. ഗാനരചന – വിനായക് ശശികുമാര്‍, ഛായാഗ്രഹണം – ദീപക് ഡി. മേനോന്‍, എഡിറ്റിങ്ങ് – ശ്രീജിത് സാരംഗ്, കലാസംവിധാനം – വിനോദ് രവീന്ദ്രന്‍, മേക്കപ്പ് – അമല്‍ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ – മനീഷ് തോപ്പില്‍, റോജി പി. കുര്യന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – റിയാസ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, സ്റ്റില്‍ – നിദാദ് കെ.എന്‍.,വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്, പി.ആര്‍.ഒ മാനേജര്‍ – റോജി പി. കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് – ജസ്റ്റിന്‍ ജോസഫ്, ടോണി കല്ലുങ്കല്‍, ജെഫിന്‍ ജോബ്, ഹന്നോ ഷിബു തോമസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – അനൂപ് സുന്ദരന്‍, പി.ആര്‍.ഒ – ശബരി.

Content Highlight: Antony Varghese Pepe And Raj B Shetty Movie Kondal Title Poster Out Now