| Monday, 4th September 2023, 7:53 pm

മെസി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവരെ നേരിട്ടുകണ്ടപ്പോഴുള്ള അതേ ആവേശമാണ് ഇവിടെ ഞാന്‍ കണ്ടത്: പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ ഭാഗമായി കനക്കുന്നില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേ വേള്‍ഡ് കപ്പിന് പോയ അതേ ഫീലാണ് തനിക്ക് ലഭിച്ചതെന്ന് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ.

ആര്‍.ഡി.എക്സ് ടീമിന്റെ ഭാഗമായ ഷെയ്ന്‍ നിഗവും നീരജ് മാധവും പെപ്പെയുമായിരുന്നു പരിപാടിയുടെ മുഖ്യാഥിതികള്‍.

ഇത്രയും വലിയ വേദിയില്‍ കൂടുതല്‍ സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും ഖത്തര്‍ ലോകകപ്പിന് പോയപ്പോള്‍ മെസിയേയും റൊണാള്‍ഡോയേയും നെയ്മറിനേയും നേരിട്ട് കണ്ടപ്പോഴുണ്ടായ അതേ സന്തോഷമാണ് ഇത്രയധികം ജനങ്ങളെ ഇവിടെ കണ്ടപ്പോള്‍ തനിക്ക് ഉണ്ടായതെന്നും പെപ്പെ പറഞ്ഞു.

‘കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഖത്തര്‍ വേള്‍ഡ് കപ്പ് കാണാന്‍ പോയിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മെസിയേയും നെയ്മറിനേയും കണ്ടപ്പോഴുണ്ടായ അതേ ആവേശം, അതേ ഫീലിങ്, അത് എനിക്ക് ഇവിടെ കാണാന്‍ പറ്റുന്നുണ്ട്.

എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങളുടെ കയ്യടിയും ശബ്ദവും കേള്‍ക്കുമ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. റോബര്‍ട്ടിനേയും സേവ്യറിനേയും ഡോണിയേയും സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. നമ്മുടെ ആര്‍.ഡി.എക്സ് നിങ്ങള്‍ നെഞ്ചില്‍ സ്വീകരിച്ചതില്‍ ഒരുപാട് നന്ദിയുണ്ട്,’ പെപ്പെ പറഞ്ഞു.

ഇതിനൊപ്പം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് ഒരു അഭ്യര്‍ത്ഥനയും താരം നടത്തിയിരുന്നു. ജയിലര്‍ റിലീസായ സമയത്ത് മുഖ്യമന്ത്രിയും കുടുംബവും ചിത്രം കാണാന്‍ പോയതുപോലെ മന്ത്രിസഭയിലെ എല്ലാവരും ആര്‍.ഡി.എക്‌സ് കാണാന്‍ വരണമെന്നായിരുന്നു പെപ്പെ പറഞ്ഞത്.

നമ്മുടെ ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് സാറിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ജയിലര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ റിയാസ് സാറും നമ്മുടെ മുഖ്യമന്ത്രിയുമെല്ലാം കൂടി ജയിലര്‍ കാണാന്‍ പോയി. നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി ചേര്‍ന്ന് ആര്‍.ഡി.എക്സ് കാണാന്‍ പോകണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. കണ്ടിട്ട് അഭിപ്രായം പറയണം. ഇതിനേക്കാള്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാനില്ല മച്ചാന്‍മരേ.. ലവ് യൂ,’ പെപ്പെ പറഞ്ഞു.

ആര്‍.ഡി.എക്സിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചായിരുന്നു നടന്‍ നീരജ് മാധവും പരിപാടിയില്‍ സംസാരിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആളുകളെ കണ്ട് സത്യത്തില്‍ കിളിപോയെന്നും തിരക്ക് കാരണം പെപ്പെയുടെ ചെരുപ്പൊക്കെ തെറിച്ചുപോയെന്നും താരം പറഞ്ഞു.

‘എന്താ പറയേണ്ടതെന്ന് മനസിലാവുന്നില്ല. ഒരാഴ്ച മുന്‍പ് വരെ ഞങ്ങള്‍ക്ക് ഞങ്ങളുടെ സിനിമയുടെ വിധി എന്താവുമെന്ന് അറിയില്ലായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ വലിയൊരു മോഹമായിരുന്നു ഓണത്തിന് ഒരു സിനിമ ഇറക്കുക എന്നത്. അത് ഇറങ്ങി ഇന്ന് നിങ്ങള്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ആളുകളെപ്പോലെ ഞങ്ങളെ ഏറ്റെടുത്തപ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ. ഇത് സാധാരണക്കാരുടെ വിജയമാണ്.

ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ ചടങ്ങില്‍ അതിഥിയായി വരിക എന്ന ഓണര്‍ ലഭിച്ചു. എല്ലായ്പ്പോഴും നമുക്ക് ഇങ്ങനെയെുള്ള അവസരം ഉണ്ടാവില്ല. ശരിയാവുമ്പോള്‍ എല്ലാംകൂടി ശരിയാവുമെന്ന് പറയില്ലേ, ചെലോര്ത് ശരിയാവും ചെലോര്ത് ശരിയാവൂല്ല, എന്ന് പറയുന്ന പോലെ ഇപ്പോള്‍ ഞങ്ങള്‍ക്ക് ശരിയായി , നീരജ് പറഞ്ഞു.

Content highlight: Antony Varghese Pepe about the program in Kanakakunnu

We use cookies to give you the best possible experience. Learn more