| Tuesday, 5th March 2024, 5:22 pm

'കയ്യില്‍ സ്റ്റിച്ച് ഇട്ടത് ഓര്‍ക്കാതെ കയ്യടിച്ചു. വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു': മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട അനുഭവം പങ്കുവെച്ച് ആന്റണി വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഗംഭീര കുതിപ്പ് നടത്തുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 12 ദിവസം കൊണ്ട് ലോകത്താകമാനമായി 100 കോടി കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് പോസ്റ്റിട്ടിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ് (പെപ്പെ). മലയാളസിനിമ ഇന്ത്യ മൊത്തം ചര്‍ച്ചയാവുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും എപ്പോള്‍ ട്രിപ്പ് പോയാലും ആദ്യം ഈ പാട്ടാകും ഓര്‍മ വരികയെന്നും പെപ്പെ കുറിച്ചു. കൈയില്‍ സ്റ്റിച്ചിട്ടത് ഓര്‍ക്കാതെ കൈയടിച്ചെന്നും വീണ്ടും സ്റ്റിച്ചിടേണ്ടി വരുമെന്നും പെപ്പെ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ മഞ്ഞുമ്മല്‍ ബോയ്‌സ്… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല… ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പര്‍. ഇനി ട്രിപ്പ് എപ്പോള്‍ പോയാലും ആദ്യം ഓര്‍മ വരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മുടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്‌സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച്ചിട്ടത് ഓര്‍ക്കാതെ കയ്യടിച്ചതാണ്. ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു. എന്നാലും ഈ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റും,’ പെപ്പെ പറഞ്ഞു.

ചിത്രം കണ്ട തമിഴില്‍ നിന്ന് നടന്‍ കമല്‍ഹാസനും, ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. ഇതിന് പുറമെ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, നടനും തമിഴ്‌നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍, നടന്‍ വിക്രം എന്നിവര്‍ ചിത്രത്തെ അഭിനന്ദിച്ചു. 12 ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 20 കോടി മഞ്ഞുമ്മല്‍ ബോയ്‌സ് നേടി.

Content Highlight: Antony Varghese appreciates the crew  after watching Manjummel Boys

We use cookies to give you the best possible experience. Learn more