കടലിന്റെ പശ്ചാത്തലത്തില്‍ റിവഞ്ച് ആക്ഷന്‍ ഡ്രാമ; ആന്റണി വര്‍ഗീസും സോഫിയ പോളും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി
Film News
കടലിന്റെ പശ്ചാത്തലത്തില്‍ റിവഞ്ച് ആക്ഷന്‍ ഡ്രാമ; ആന്റണി വര്‍ഗീസും സോഫിയ പോളും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th September 2023, 1:14 pm

സിനിമ നിര്‍മാണ രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന വേളയില്‍ പുതിയ രണ്ട് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സ്. ഓണം റിലീസായി എത്തിയ ആര്‍.ഡി.എക്‌സിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് ആരംഭം കുറിച്ചിരിക്കുകയാണ്.

ഇന്ന് കൊച്ചി ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സുപ്രിയ പൃഥ്വിരാജ്, ആന്റണി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പോള്‍ ജയിംസ് സ്വിച്ചോണ്‍ കര്‍മവും സെഡിന്‍ പോള്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ആര്‍.ഡി.എക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത്, അനശ്വര രാജന്‍, അലക്‌സ് ജെ. പുളിക്കല്‍ എന്നിങ്ങനെ നിരവധി പ്രമുഖരും ഈ ചടങ്ങില്‍ പങ്കെടുത്തു.

കടലിന്റെ പശ്ചാത്തലത്തില്‍ ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആര്‍.ഡി.എക്‌സ് പോലെ തന്നെ വിശാലമായ ക്യാന്‍വാസ്സില്‍ വന്‍ ബജറ്റില്‍ അവതരിപ്പിക്കുന്ന ഒരു ഹൈടെക്ക് മൂവിയായിരിക്കും ഈ ചിത്രം.

ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത തമിഴ് സംവിധായകന്‍ എസ്.എ. പ്രഭാകരന്‍, സലീല്‍ – രഞ്ജിത്ത് (ചതുര്‍മുഖം), ഫാന്റം പ്രവീണ്‍ (ഉദാഹരണം സുജാത), പ്രശോഭ് വിജയന്‍ (അന്വേഷണം) തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അജിത് മാമ്പള്ളി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയാണ്.

ഈ ചിത്രം കൂടാതെ വേറെ മൂന്ന് ചിത്രങ്ങള്‍ കൂടി പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അനൗണ്‍സ് ചെയ്യുന്നുണ്ട്. ജാനേമന്‍ ഫെയിം ചിദംബരമാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന എട്ടാമത് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മറ്റ് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം, പശ്ചാത്തല സംഗീതം – സാം സി.എസ്, ഛായാഗ്രഹണം – ജിതിന്‍ സ്റ്റാന്‍ സിലോസ്, എഡിറ്റിങ് – ശീജിത്ത് സാരംഗ്, കലാസംവിധാനം – മനു ജഗത്, മേക്കപ്പ് – അമല്‍ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ അഹമ്മദ്, നിര്‍മാണ നിര്‍വഹണം – ജാവേദ് ചെമ്പ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍, പി.ആര്‍.ഒ. ശബരി. ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് രാമേശ്വരം, കൊല്ലം, വര്‍ക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.

Content Highlight: Antony Varghese and Sofia Paul’s film has started