| Thursday, 24th August 2023, 1:54 pm

കിങ് ഓഫ് കൊത്ത പാന്‍ ഇന്ത്യന്‍, ഞങ്ങളുടേത് ഒരു മലയാളം സിനിമ; കോമ്പറ്റീഷനെ കുറിച്ച് പെപ്പെയും ഷെയ്ന്‍ നിഗവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇത്തവണത്തെ ഓണം റിലീസായി മലയാളത്തില്‍ റിലീസ് ചെയ്യുന്ന രണ്ട് ചിത്രങ്ങളും മാസ് ആക്ഷന്‍ എന്റര്‍ടൈനറുകളാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്തയാണ് ഓണം റിലീസായി ആദ്യം തിയേറ്ററിലെത്തിയ പടം. 25ാം തിയതിയാണ് മലയാളത്തിലെ യൂത്ത് ഐക്കണുകളായ ഷെയ്ന്‍ നിഗവും ആന്റണി വര്‍ഗീസും നീരജ് മാധവും പ്രധാന കഥാപാത്രങ്ങളാകുന്ന ആര്‍.ഡി.എക്‌സ് റിലീസിനെത്തുന്നത്.

ആര്‍.ഡി.എക്‌സ് വലിയ പ്രതീക്ഷയുള്ള ചിത്രമാണെന്ന് പറയുകയാണ് ആന്റണി വര്‍ഗീസും ഷെയ്ന്‍ നിഗവും. ഒപ്പം ക്ലാഷ് റിലീസായി കിങ് ഓഫ് കൊത്ത എത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും ഇരുവരും രസമായ മറുപടി നല്‍കുന്നുണ്ട്.

കിങ് ഓഫ് കൊത്തയും ആര്‍.ഡി.എക്‌സും ഹിറ്റായാല്‍ ഇന്‍ഡസ്ട്രിയ്ക്ക് തന്നെ അത് ഉണര്‍വ് നല്‍കും. കിങ് ഓഫ് കൊത്ത എത്രത്തോളം കോമ്പറ്റീഷന്‍ നല്‍കുന്നുണ്ടെന്ന ചോദ്യത്തിന്, കിങ് ഓഫ് കൊത്ത എന്തായാലും ഹിറ്റാകുമല്ലോ എന്നായിരുന്നു ആന്റണി വര്‍ഗീസിന്റെ മറുപടി. ഡി.ക്യുവിന്റെ പടമല്ലേ, നോക്കേണ്ട കാര്യമില്ലല്ലോ. കൊത്ത ഹിറ്റാവും. അതിന്റെ കൂട്ടത്തില്‍ ഞങ്ങളുടെ പടവും ഹിറ്റാകട്ടെ, എന്നായിരുന്നു ആന്റണി വര്‍ഗീസിന്റെ മറുപടി. കിങ് ഓഫ് കൊത്ത പാന്‍ ഇന്ത്യന്‍ ചിത്രമാണല്ലോയെന്നും ഞങ്ങളുടേത് ഒരു മലയാളി പടമാണെന്നും കോമ്പറ്റീഷനൊന്നും ഇല്ലെന്നുമായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി.

കിങ് ഓഫ് കൊത്ത തിയേറ്ററില്‍ പോയി കാണില്ലേ എന്ന ചോദ്യത്തിന് എന്തായാലും കാണുമെന്നും വീടിന്റെ തൊട്ടടുത്ത് തിയേറ്ററുണ്ടെന്നും രാത്രിയില്‍ പോയി കാണുമെന്നുമായിരുന്നു ആന്റണി വര്‍ഗീസിന്റെ മറുപടി.

വീടിന്റെ തൊട്ടടുത്ത് തിയേറ്ററുണ്ട്. നമ്മളെ അവിടെ പോയാല്‍ ആരും മൈന്‍ഡ് ചെയ്യില്ല. നമ്മള്‍ നാട്ടുകാരനാണല്ലോ. അവിടെ നമ്മുടെ പടവും അവിടെ ഉണ്ട്. അവിടെ പോയി ഇരുന്ന് കാണണം. അത് വേറെ മൂഡാണ്, എന്നായിരുന്നു ആന്റണി വര്‍ഗീസ് പറഞ്ഞത്.

എന്നാല്‍ സിനിമകള്‍ ഇറങ്ങിയ ഉടനേ തിയേറ്ററില്‍ പോയി കാണുന്ന ആളല്ല താന്‍ എന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്. ‘ഞാന്‍ ഇറങ്ങിയ ഉടനെ കാണില്ല. ആദ്യത്തെ റഷില്‍ പോകാന്‍ താത്പര്യമില്ല. പബ്ലിക്ക് ഇവന്റാണെങ്കിലും ഒരുപാട് റഷുള്ള സ്ഥലങ്ങളില്‍ പോകുന്നതിനോട് താത്പര്യമില്ല. പടം ഇറങ്ങി കുറച്ച് കഴിഞ്ഞിട്ടേ പോകൂ. ഓപ്പണ്‍ ഹെയ്മറും ബാര്‍ബിയും ഒന്നും കണ്ടിട്ടില്ല. കാണണം,’ ഷെയ്ന്‍ പറഞ്ഞു.

ഈ സിനിമയിലെ ഏത് ഫൈറ്റാണ് അടിപൊളിയെന്ന ചോദ്യത്തിന് എല്ലാ ഫൈറ്റും അടിപൊളിയായി എടുത്തിട്ടുണ്ടെന്നും ക്ലൈമാക്‌സ് ഫൈറ്റാണ് കൂടുതല്‍ സമയം എടുത്ത് ചെയ്തതെന്നുമായിരുന്നു ഇരുവരുടേയും മറുപടി. ഒരു കോളനി ഫൈറ്റുണ്ട്. അത് ഭയങ്കര രസമായിട്ടുണ്ടെന്നാണ് പറയുന്നത്. കൂടുതല്‍ റിയലിസ്റ്റിക്കാണെന്ന് കണ്ടവര്‍ പറയുന്നത്. കാര്‍ണിവല്‍ ഫൈറ്റൊക്കെ നല്ല രീതിയില്‍ വര്‍ക്കായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഇരുവരും പറഞ്ഞു.

Content Highlight: Antony Varghese and Shane Nigam on King of kotha and RDX clash release

We use cookies to give you the best possible experience. Learn more