അന്ന് നമ്മള്‍ പുറത്തായിരുന്നു, ലാലേട്ടന്റേയും മമ്മൂക്കയുടേയും ഓണപ്പടത്തിന് ടിക്കറ്റ് കിട്ടാത്ത കാലം, ഇന്ന് ആ സ്ഥാനത്ത് നമ്മുടെ പടം: പെപ്പെ
Movie Day
അന്ന് നമ്മള്‍ പുറത്തായിരുന്നു, ലാലേട്ടന്റേയും മമ്മൂക്കയുടേയും ഓണപ്പടത്തിന് ടിക്കറ്റ് കിട്ടാത്ത കാലം, ഇന്ന് ആ സ്ഥാനത്ത് നമ്മുടെ പടം: പെപ്പെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th August 2023, 11:57 am

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഓണം റിലീസുകള്‍ക്ക് ടിക്കറ്റ് കിട്ടാതെ നിന്ന ഒരു കാലം തങ്ങള്‍ക്കുമുണ്ടായിരുന്നെന്നും ഇന്ന് ആ സ്ഥാനത്ത് നമ്മുടെ ഒരു പടം ഓണത്തിന് റിലീസായി എത്തിയതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് നടന്‍ ആന്റണി വര്‍ഗീസ്.

അന്ന് നമ്മള്‍ പുറത്തായിരുന്നെന്നും എന്നാല്‍ ഇന്ന് ആ സ്ഥാനത്ത് തങ്ങള്‍ അഭിനയിച്ച ഒരു സിനിമ ഓണം റിലീസായി എത്തുന്നു എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നുമായിരുന്നു ആന്റണി വര്‍ഗീസ് മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘പണ്ടൊക്കെ മമ്മൂക്കയുടേയും ലാലേട്ടന്റേയും പടങ്ങള്‍ ഓണത്തിന് റിലീസ് ചെയ്യുമ്പോള്‍ നമ്മള്‍ ഫാമിലിക്കൊപ്പം പോകും. കുറച്ചുകൂടി വലുതായപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകും. അന്ന് ടിക്കറ്റ് കിട്ടലൊക്കെ ഭയങ്കര പാടാണ്. നമ്മള്‍ അന്ന് പുറത്തായിരുന്നു. ഇന്ന് നമ്മള്‍ അഭിനയിച്ച ഒരു സിനിമ ഒരു ഫെസ്റ്റിവല്‍ മൂഡുള്ള ഒരു പടം ഫെസ്റ്റിവലിന് ഇറങ്ങുന്നു എന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. ഓണവും സിനിമയും ഒന്നിച്ച് വന്നു എന്നത് സന്തോഷമാണ്,’ പെപ്പെ പറഞ്ഞു.

മുന്‍പ് ഏതെങ്കിലും സിനിമകള്‍ ഓണം റിലീസായി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇതുവരെ താന്‍ അഭിനയിച്ച പടങ്ങളൊന്നും ഓണത്തിന് റിലീസ് ആയിട്ടില്ലെന്നായിരുന്നു പെപ്പെയുടെ മറുപടി. ക്രിസ്മസിനൊക്കെ റീലീസുണ്ടായിരുന്നെന്നും ഓണത്തിന് ഇത് ആദ്യമായിട്ടാണ് ഒരു പടം വന്നതെന്നുമായിരുന്നു പെപ്പെയുടെ മറുപടി.

ഇതുവരെ താന്‍ അഭിനയിച്ച ഒരു സിനിമ ഓണം റിലീസായി വന്നിട്ടില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗവും അഭിമുഖത്തില്‍ പറഞ്ഞു. ‘ എന്റെ ഒരു സിനിമയും ഓണത്തിന് ഇറങ്ങിയിട്ടില്ല. നമ്മുടേതൊക്കെ കൊച്ചു പടങ്ങള്‍ ആയതുകൊണ്ട് തന്നെ അതൊന്നും ഓണം റിലീസായൊന്നുമല്ല വന്നത്.
ആര്‍.ഡി.എക്‌സ് ആണ് ആ രീതിയില്‍ വരുന്നത്. അത് വളരെ എക്‌സൈറ്റഡാണ്, ഷെയ്ന്‍ നിഗം പരഞ്ഞു.

നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും ആര്‍.ഡി.എക്‌സില്‍ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും വലിയ കുഴപ്പമില്ലാതെ ഡാന്‍സ് ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നതെന്നും പെപ്പെ പറഞ്ഞു.

ഡാന്‍സ് ചെയ്യാന്‍ ഇഷ്ടമാണ്. ഞാന്‍ എന്റേതായ രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ എല്ലാവരുടേയു സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഡാന്‍സ് ചെയ്യുന്ന കാര്യത്തില്‍ പ്രഷറൊന്നും ഉണ്ടായിരുന്നില്ല. ആ സമയത്ത് പനിയുണ്ടായിരുന്നു. വെയിലൊക്കെ അടിച്ച് കുറച്ച് പ്രശ്‌നമായി. പിന്നെ നന്നായി വന്നു എന്നതിലാണ് സന്തോഷം. ആദ്യമായിട്ടാണ് നമ്മള്‍ പാട്ടൊക്കെ ഇട്ട് റിഹേഴ്‌സലൊക്കെ എടുത്ത് ഒരു പരിപാടി ചെയ്തത്. നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമെന്ന ഒരു തോന്നല്‍ ഡാന്‍സ് ചെയ്തു കഴിഞ്ഞപ്പോള്‍ ഉണ്ടായി,’ പെപ്പെ പറഞ്ഞു.

അന്‍പ് അറിവിനൊപ്പമുള്ള അനുഭവവും താരങ്ങള്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. അന്‍പറിവിനൊപ്പമുള്ള എക്‌സ്പീരിയന്‍സ് ഭയങ്കര അടിപൊളിയായിരുന്നു. ഏറ്റവും അഡ്വാന്‍സ്ഡ് ആയിട്ടുള്ള ടെക്‌നോളജിയാണ് പടത്തില്‍ യൂസ് ചെയ്തത്. ഒരു സീക്വന്‍സില്‍ റോബോട്ടിക് ക്യാമറ ഉപയോച്ചിരുന്നു. അതില്‍ നമ്മുടെ ടൈമിങ് ഒന്നു തെറ്റിയാല്‍ ക്യാമറ വന്ന് ദേഹത്തിടിക്കും. നീരജ് ബ്രോയ്ക്ക് അങ്ങനെ ഒരു അബദ്ധം പറ്റിയിരുന്നു. ഒരു ടേക്കും കൂടി എന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും ക്യാമറ തലയ്ക്ക് സൈഡിലൂടെ പോയി. ജസ്റ്റ് മിസ്, എന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്.

Content Highlight: Antony Varghese and Shane about RDX Onam release