| Wednesday, 30th August 2023, 5:39 pm

വിക്രവും മാസ്റ്ററും നഷ്ടമായതില്‍ വിഷമമുണ്ട്; അവരൊന്നും വെറുതെ നമ്മളെയങ്ങ് വിളിക്കുന്നതല്ല: പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രം, മാസ്റ്റര്‍ പോലുള്ള സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം നഷ്ടമായതില്‍ വിഷമമുണ്ടെന്ന് പറയുകയാണ് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. ആ സിനിമകളിലേക്കൊന്നും തന്നെ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും നിര്‍ഭാഗ്യം കൊണ്ട് മാത്രം ചെയ്യാന്‍ കഴിയാതെ പോയ പടങ്ങളാണ് അവയെന്നും പെപ്പെ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പെപ്പെ.

വിക്രത്തിലേക്കും മാസ്റ്ററിലേക്കുമൊക്കെ വിളി വന്നപ്പോള്‍ ലിയോയിലേക്ക് വിളിവരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒന്നിലേക്കും വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നിര്‍ഭാഗ്യവശാല്‍ അതൊന്നും ചെയ്യാന്‍ പറ്റിയില്ലെന്നും പക്ഷേ എപ്പോഴെങ്കിലും ചെയ്യുമെന്നുമായിരുന്നു പെപ്പെയുടെ മറുപടി.

നമ്മള്‍ ഇവിടെ ചെയ്യുന്ന വര്‍ക്ക് വേറെ ഭാഷയിലുള്ള ആളുകള്‍ കാണുകയും മാര്‍ക്ക് ഇടുകയും ചെയ്യുന്നുണ്ട് എന്ന് തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പായിട്ടും ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. സംവിധായകന്‍ ലോകേഷിനെ ചെന്നൈയില്‍ വെച്ച് കണ്ടപ്പോഴുണ്ടായ അനുഭവവും പെപ്പെ പങ്കുവെച്ചു.

സംവിധായകന്‍ ലോകേഷിനെ ഞാന്‍ ഒരിക്കല്‍ ചെന്നൈയില്‍ വെച്ച് മീറ്റ് ചെയ്തിരുന്നു. നമ്മുടെ അത് വരെ ഇറങ്ങിയ പടം മുഴുവന് പുള്ളി കണ്ടിരുന്നു. അതിനെ കുറിച്ച് സംസാരിച്ചു. എന്നിട്ടാണ് വിളിക്കുന്നത്. വെറുതെ വിളിക്കില്ല.

അതുപോലെ തിരുവനന്തപരുത്ത് ഒരു അവാര്‍ഡിന് വന്നപ്പോള്‍ നടന്‍ സൂര്യ വന്ന് നില്‍ക്കുന്നു. എനിക്കാണെങ്കില്‍ സംസാരിക്കാതെ പറ്റില്ല എന്ന അവസ്ഥ. രോമാഞ്ചിഫിക്കേഷനൊക്കെ അടിച്ച് നില്‍ക്കുകയാണ് ഞാന്‍. പുള്ളിയാണെങ്കില്‍ അപ്പുറത്ത് നല്ല ചുള്ളന്‍ ആയി നില്‍ക്കുന്നു.

കൂടെയുള്ളവരോട് അദ്ദേഹത്തോട് ഞാന്‍ സംസാരിച്ചോട്ടെ എന്ന് ചോദിച്ചു. സംസാരിച്ചോളാന്‍ പറഞ്ഞു. ഞാന്‍ അടുത്തുചെന്നു. ഞാന്‍ അന്ന് അങ്കമാലി ഡയറീസ് ചെയ്ത് നില്‍ക്കുന്ന സമയമാണ്. അങ്കമാലി ഡയറീസ് ചെയ്ത ആളാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി പറയുകയാണ് തമ്പീ ആ ക്ലൈമാക്‌സ് എങ്ങനെയാണ് ചെയ്തത് എന്ന്.

പുള്ളി എന്റെ കൈയില്‍ പിടിച്ചാണ് വിശേഷം ചോദിക്കുന്നത്. ഓ മൈ ഗോഡ് എന്ന അവസ്ഥ. ഭയങ്കര സന്തോഷമായിപ്പോയി. അവരൊക്കെ അപ്‌ഡേറ്റഡാണ്. നമ്മുടെ സിനിമ പോലും അവര്‍ കാണുന്നുണ്ട് എങ്കില്‍ അവര്‍ എത്രത്തോളം മൂവി കാണുന്നുണ്ടാകും എന്നതാണ്.

അത്തരത്തില്‍ ഇവരൊക്കെ സിനിമ കാണുന്നതുകൊണ്ടാണല്ലോ അവര്‍ വിളിക്കുന്നത്. നമ്മുടെ ഭാഷയില്‍ തന്നെയുള്ള എത്രയാളുകളാണ് മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കുന്നത്. ഇവരുടെയാക്കെ വര്‍ക്ക് കണ്ടിട്ട് തന്നെയാണ് വിളിക്കുന്നത്,’ പെപ്പെ പറഞ്ഞു.

ആര്‍.ഡി.എക്‌സിലെ ബേസ് ബോള്‍ വെച്ചുള്ള അടി ഷൂട്ട് ചെയ്യുമ്പോള്‍ രാവണപ്രഭുവില്‍ ലാലേട്ടന്‍ ചെയ്ത അതേ അടി ഓര്‍ത്തിരുന്നോ എന്ന ചോദ്യത്തിന് നമ്മുടെ ഫൈറ്റ് ശരിയാകുമോ എന്ന് പോലും ആലോചിക്കാന്‍ പറ്റാത്ത രീതിയിലായിരുന്നു ആ ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും അതുകൊണ്ട് തന്നെ ഒന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നുമായിരുന്നു പെപ്പെയുടെ മറുപടി.

Content Highlight: Antony Varghese about Lokesh kanakaraj and Tamil Movies

We use cookies to give you the best possible experience. Learn more