ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലെത്തി, പ്രേക്ഷകരുടെ സ്വന്തം പെപ്പെയായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. ലിജോയുടെ ജല്ലിക്കട്ട് എന്ന ചിത്രത്തിലും ആന്റണി പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയിരുന്നു.
ഷൂട്ടിനിടയില്‍ വെച്ച് ലിജോ തന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസിലെ ഒരു ലോങ് ഷോട്ട് എടുത്ത സമയത്താണ് വഴക്ക് കേട്ടതെന്നും, എന്നാല്‍ ആ ഷോട്ട് വീണ്ടും വീണ്ടും എടുക്കേണ്ടി വന്നത് തന്റെ മാത്രം മിസ്‌ടേക്ക് കൊണ്ടല്ലെന്നും ആന്റണി പറഞ്ഞു.
ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോയുടെ സംവിധാനത്തെ കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളെ കുറിച്ചും നടന്‍ സംസാരിച്ചത്.
‘ലിജോ ചേട്ടന്‍ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. മര്യാദക്ക് അഭിനയിക്കാത്തതിന് തന്നെയായിരുന്നു അത്. അല്ലാതെ പിന്നെ വേറെന്തിന് വഴക്ക് പറയാനാ..(ചിരിക്കുന്നു).
അങ്കമാലി ഡയറീസില്‍ വെച്ചാണ് സംഭവം. പക്ഷെ സത്യത്തില്‍ അത് എന്റെ മാത്രം മിസ്‌ടേക്കല്ലായിരുന്നു. ജര്‍മനിയിലെ കാര്യങ്ങളെ കുറിച്ച് പറയുന്ന ഭാഗമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്.
കുറെ പേരുള്ള പരിപാടിയായിരുന്നു. ഒന്നുകില്‍ അവിടെ നില്‍ക്കുന്ന ഒരാളുടെ തെറ്റും, അല്ലെങ്കില്‍ ഇവിടെ നില്‍ക്കുന്ന ഒരാളുടെ. അല്ലെങ്കില്‍ ടെന്‍ എം.എല്ലിന്റെയോ എന്റെയോ വിനീതിന്റെയോ തെറ്റും. ഈ തെറ്റല്‍ കുറെ തവണ ഉണ്ടായിട്ടുണ്ട്.
ലോങ് ഷോട്ടായിരുന്നു അത്. മുപ്പത് തവണയോളം ആ ഷോട്ട് പോയി. ഒടുവില്‍ ഉച്ചക്ക് മുമ്പ് തീര്‍ത്തു. സിംഗിള്‍ ഷോട്ടായിരുന്നത് കൊണ്ട് ഒറ്റ തവണ ശരിയായി കിട്ടിയാല്‍ അന്നത്തെ പണി തീരും, ‘ ആന്റണി വര്‍ഗീസ് പറഞ്ഞു.
പൂവനാണ് ആന്റണി നായകനാകുന്ന പുതിയ ചിത്രം. അനുരാഗ് എഞ്ചിനീയറിങ്ങ്‌സ്, സൂപ്പര്‍ ശരണ്യ എന്നിവയിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 20നാണ് തിയേറ്ററുകളിലെത്തുന്നത്.
വരുണ്‍ ധാരയാണ് രചന. സജിത്ത് പുരുഷന്‍ ക്യാമറയും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മിഥുന്‍ മുകുന്ദനാണ്. പൂവന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlight: Antony Varghese about Lijo Jose Pellissery