Entertainment
അങ്കമാലി ഡയറീസിലെ നടനല്ലേയെന്ന് ആ തമിഴ് സൂപ്പർ സ്റ്റാർ ചോദിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: ആന്റണി വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 01, 05:53 am
Tuesday, 1st October 2024, 11:23 am

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ആന്റണി വര്‍ഗീസ്. ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത് പെപ്പെ എന്നാണ് ഇപ്പോള്‍ ആന്റണി വര്‍ഗീസ് അറിയപ്പെടുന്നത്.

പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ സിനിമകളിലൂടെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ പെപ്പെക്ക് സാധിച്ചു.

അന്യഭാഷകളിലെ സംവിധായകരടക്കം പ്രശംസിച്ച ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. തമിഴ് നടൻ സൂര്യയെ ആദ്യമായി കണ്ടപ്പോൾ അങ്കമാലി ഡയറീസിനെ കുറിച്ച് സംസാരിച്ച അനുഭവം പങ്കുവെക്കുകയാണ് ആന്റണി വർഗീസ്.

സൂര്യയെ നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും നേരിട്ട് കണ്ടപ്പോൾ നിങ്ങളല്ലേ അങ്കമാലി ഡയറീസിൽ അഭിനയിച്ചതെന്ന് സൂര്യ ഇങ്ങോട്ട് ചോദിച്ചെന്നും ആന്റണി പറയുന്നു. ചിത്രത്തിലെ അവസാന മുപ്പത് മിനിറ്റ് ഷോട്ടിനെ കുറിച്ചും സൂര്യ ഒരുപാട് സംസാരിച്ചെന്നും ആന്റണി വർഗീസ് പറഞ്ഞു.

‘അന്ന് സൂര്യ സാർ അവിടെ വന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും പുള്ളിയെ കാണാനായി നിൽക്കുകയാണ്. പുള്ളിയെ ഒന്ന് കണ്ട് ഫോട്ടോ എടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു.

എനിക്ക് തോന്നുന്നത്, അന്ന് ഞാൻ അങ്കമാലി ഡയറീസ് എങ്ങാനും കഴിഞ്ഞട്ടേയുള്ളൂ. ഒറ്റ പടമേ ഞാൻ ചെയ്തിട്ടുള്ളൂ. എനിക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് പോകണമെന്നുണ്ട്, പക്ഷെ ബൗൺസേഴ്സൊക്കെ പോലെ കുറേപേർ അവിടെ നിൽക്കുന്നുണ്ട്.

അടുത്തേക്ക് പോകണോ വേണ്ടേ എന്നൊരു കൺഫ്യൂഷനിലായിരുന്നു ഞാൻ. ഞാൻ പുള്ളിയെ നോക്കി ഹായ് ഒക്കെ കാണിച്ചു. സൂര്യ സാർ ചിരിക്കുന്നൊക്കെയുണ്ട്. അവിടെ നിന്ന വേറേ ഒരാളോട് ഞാൻ എനിക്കൊന്ന് സൂര്യ സാറിനെ കാണണമെന്ന് പറഞ്ഞു.

വന്ന് കണ്ടോള്ളൂ, കുഴപ്പമില്ലെന്ന് അയാൾ പറഞ്ഞു. ഞാനൊരു ഫോട്ടോ എടുക്കാനും അനുവാദം വാങ്ങി. ഞാൻ അവിടെ ചെന്ന് അദ്ദേഹത്തിന് ഹായ് സാർ എന്ന് പറഞ്ഞ് ഷേക്ക് ഹാൻഡ് കൊടുത്തു. കൈ കൊടുക്കുന്ന സമയത്ത് പുള്ളി ഇങ്ങോട്ട്, നിങ്ങളല്ലേ അങ്കമാലി ഡയറീസിൽ അഭിനയിച്ച നടൻ എന്ന് ചോദിച്ചു.

എനിക്ക് വലിയ സന്തോഷം തോന്നി. പുള്ളി എന്റെ കയ്യിൽ പിടിച്ചിരിക്കുകയാണ്. ഞാൻ അതെ സാർ എന്ന് പറഞ്ഞു. പുള്ളി പിന്നെ അങ്കമാലി ഡയറീസിലെ അവസാന മുപ്പത് മിനിറ്റിലെ ഷോട്ടിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. സൂര്യ സാറിന് അത് വലിയ ഇഷ്ടമായി എന്നൊക്കെ പറഞ്ഞു,’ആന്റണി വർഗീസ് പറയുന്നു.

Content Highlight: Antony Vargese Talk Anout Surya And Angamali Dairies