| Monday, 30th September 2024, 1:25 pm

ആ വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത് അന്നെന്റെ എത്തിക്സിന് എതിരായിരുന്നു: ആന്റണി വർഗീസ് പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ആന്റണി വര്‍ഗീസ്. ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത് പെപ്പെ എന്നാണ് ഇപ്പോള്‍ ആന്റണി വര്‍ഗീസ് അറിയപ്പെടുന്നത്. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ സിനിമകളിലൂടെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ പെപ്പെക്ക് സാധിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ആര്‍.ഡി.എക്‌സിലൂടെ ആക്ഷന്‍ ഹീറോ എന്ന ലേബലില്‍ പെപ്പെ അറിയപ്പെടാന്‍ തുടങ്ങി. കൊണ്ടൽ എന്ന ചിത്രത്തിലൂടെ ഈ വർഷവും പെപ്പേ വരവറിയിച്ചിരുന്നു.

തമിഴിൽ നിന്ന് വിജയ് ചിത്രത്തിൽ ഒരു അവസരം വന്നതിനെ കുറിച്ച് പറയുകയാണ് പെപ്പെ. എന്നാൽ ആ സമയത്ത് താൻ അജഗജാന്തരം എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും ആ സിനിമയിലേക്ക് പോയിരുന്നെങ്കിൽ അജഗജാന്തരം മുടങ്ങി പോവുമായിരുന്നുവെന്നും പെപ്പെ പറയുന്നു. തന്നെ വിശ്വസിച്ചാണ് ആ സിനിമ എഴുതിയതെന്നും അത് നിർത്തി പോവുന്നത് തന്റെ എത്തിക്സിന് ചേർന്നതല്ലെന്നും പെപ്പെ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആന്റണി വർഗീസ്.

‘അങ്ങനെ ഒരു പ്രൊജെക്ട് വന്നിരുന്നു. പക്ഷെ അന്ന് ഞാൻ നല്ല തിരക്കിലായിരുന്നു. അജഗാജാന്തരം എന്ന ഒരു ആനയുടെ പടം ഉണ്ടായിരുന്നു. വിജയ് സാറിന്റെ പടം അഭിനയിക്കണമായിരുന്നുവെങ്കിൽ ആ പടം നിർത്തിവെക്കേണ്ടി വരുമായിരുന്നു.

ആ സമയത്ത് ഒരു പത്തിരുപത് ദിവസത്തെ ഷൂട്ട്‌ എനിക്ക് അജഗജാന്തരത്തിൽ ബാക്കി ഉണ്ടായിരുന്നു. അത് നിർത്തി വെച്ച് പോവേണ്ടി വന്നേനെ. ടിനു ചേട്ടനായിരുന്നു അതിന്റെ സംവിധായകൻ. അങ്ങനെ പോയിരുന്നെങ്കിൽ ടിനു ചേട്ടൻ എന്നെ വെട്ടിക്കൊന്നേനെ.

പിന്നെ നമ്മളെ വിശ്വസിച്ച് അത് എഴുതിയവരാണ് കിച്ചുവും വിനീതും. രണ്ട് പേരും എന്റെ കൂട്ടുകാരാണ്. ആ ചിത്രത്തിലേക്ക് അഭിനയിക്കാൻ പോയാൽ ഒരു രണ്ട് മാസത്തോളം അവരെയെല്ലാം ഞാൻ കാത്തിരിപ്പിക്കേണ്ടി വരും.

അങ്ങനെയുള്ള വലിയ അവസരങ്ങൾ വരുമ്പോൾ നമ്മുടെ എത്തിക്സ് കൂടെ നോക്കണം. ഞാൻ അതിലാണ് വിശ്വസിക്കുന്നത്. ഭൂമി ഉരുണ്ടല്ലേ എപ്പോഴെങ്കിലും കറങ്ങി തിരിഞ്ഞ് അങ്ങനെയുള്ള സിനിമകളൊക്കെ തിരിച്ച് എന്റെയടുത്തേക്ക് തന്നെ വരും,’ആന്റണി വർഗീസ് പെപ്പെ പറയുന്നു.

Content Highlight: Antony Vargese Peppe Talk About A Vijay Movie

We use cookies to give you the best possible experience. Learn more