| Sunday, 27th March 2022, 3:17 pm

ബസുടമകള്‍ അനാവശ്യമായാണ് സമരം ചെയ്തത്; പുതുതായി ഒരുറപ്പും ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടില്ല: ഗതാഗതമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബസുടമകള്‍ അനാവശ്യമായാണ് സമരം ചെയ്തതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധനവ് നേരത്തെ അംഗീകരിച്ചതാണെന്നും സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്നും മന്ത്രി ചോദിച്ചു.

പുതുതായി ഒരുറപ്പും ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. ചാര്‍ജ് വര്‍ധനയിലടക്കം ഈ മാസം 30തിന് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഓട്ടോ- ടാക്‌സികള്‍ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് ദിവസമായി നടക്കുന്ന സ്വകാര്യ ബസ് സമരം മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പിന്‍വലിച്ചത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനം വന്നത്. അതേസമയം എന്നുമുതലായിരിക്കും ചാര്‍ജ് വര്‍ധനവ് നിലവില്‍ വരികയെന്നോ എത്ര രൂപയാണ് വര്‍ധിപ്പിക്കുകയെന്നോ വ്യക്തമാക്കിയിട്ടില്ല.

ഞായറാഴ്ച രാവിലെ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ ബസ് ഉടമകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സമരം പിന്‍വലിച്ചതായി ബസുടമകള്‍ വ്യക്തമാക്കിയത്.

വാഹനനികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യത്തിന്മേലും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസ് ഉടമാ സമിതിയുടെ കണ്‍വീനര്‍ ഗോപിനാഥ് പറഞ്ഞു.

നിരക്ക് വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകള്‍ സമരം ആരംഭിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശിപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.

രാമചന്ദ്രന്‍ നായര്‍ ശിപാര്‍ശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കുമ്പോഴും എപ്പോള്‍ മുതല്‍ എന്നതില്‍ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്.

Content Highlights: Antony Raju says about Private bus strike

We use cookies to give you the best possible experience. Learn more