| Thursday, 3rd March 2016, 4:51 pm

ഫ്രാന്‍സിസ് ജോര്‍ജും കെ.സി ജോസഫും ആന്റണി രാജുവും കേരള കോണ്‍ഗ്രസ് വിട്ടു; മാണി ഗ്രൂപ്പില്‍ കുടുംബവാഴ്ചയെന്ന് ആന്റണി രാജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ (എം) ല്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജും കെ.സി ജോസഫും ആന്റണി രാജുവും രാജിവെച്ചു. മാണി ഗ്രൂപ്പില്‍ കുടുംബവാഴ്ചയാണ് നിലനില്‍ക്കുന്നതെന്ന് ആന്റണി രാജു പറഞ്ഞു. കഴിവില്ലാത്ത മകന് വേണ്ടി തഴക്കമുള്ള നേതാക്കളെ മാണി അവഗണിച്ചതായി ആന്റണി രാജു പറഞ്ഞു. മന്ത്രി സ്ഥാനത്തിരുന്ന് മാണി സുതാര്യമല്ലാത്ത പണി ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം ജോസ് കെ. മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാനുള്ള നീക്കം മാണി നടത്തിയെന്നും ആന്റണി രാജു പറഞ്ഞു.

ധനകാര്യവകുപ്പ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചത് ജോസഫിനെ വിശ്വാസമില്ലാത്തതിനാലാണ്. മാണിയിലുള്ള വിശ്വാസം അണികള്‍ക്കും സമൂഹത്തിനും നഷ്ടമായി. മാണിയുടെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്ന് കേരള കോണ്‍ഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

ബാര്‍കോഴ കേസില്‍ താന്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. മാണിക്കെതിരെ കേസെടുക്കാന്‍ സാഹചര്യമില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും ആന്റണി രാജു പറഞ്ഞു.  കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുമ്പോള്‍ പാര്‍ട്ടി നേതാവിനെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് കാണിച്ചതെന്നും, മറിച്ച് ബാറുടമയുടെ ആരോപണങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ആകില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ നേരത്തെയും കെ.എം മാണി കോഴ വാങ്ങിയെന്ന് പറഞ്ഞിട്ടില്ല, ഇപ്പോഴും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പാര്‍ട്ടി വിടുന്നതിന് മുമ്പായി ഫ്രാന്‍സിസ് ജോര്‍ജ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനവും ആന്റണി രാജു ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു. എല്‍.ഡി.എഫുമായി സഹകരണത്തിന് ആലോചന തുടങ്ങിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ചര്‍ച്ചകളില്‍ സംതൃപ്തിയുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

പിളര്‍പ്പ് ഒഴിവാക്കാനായി പി.ജെ ജോസഫടക്കം വിമതരുമായി ചര്‍ച്ച നടത്തിയിരുന്നു. മൂവര്‍ക്കും സീറ്റും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ജോസ് കെ. മാണിയുടെ കീഴില്‍ മുന്നോട്ട് പോകാനാവില്ലെന്നാണ് പുറത്തു പോയ നേതാക്കള്‍ അറിയിച്ചത്.

അതേ സമയം പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോകുന്നതിനോട് യോജിപ്പില്ലെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. വികസന രംഗത്ത് മുന്നേറ്റം നടത്തിയ സര്‍ക്കാരാണിതെന്നും മലയോര കര്‍ഷകരുടെ കാര്യത്തില്‍ പാര്‍ട്ടി വിട്ടു വീഴ്ച വരുത്തിയിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

We use cookies to give you the best possible experience. Learn more