ഇപ്പോള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ മോഹന്‍ലാല്‍ – പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടില്‍ എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപി തിരക്കഥ ഒരുക്കിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് മോഹന്‍ലാല്‍ എത്തിയത്.
ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ പിന്നീട് ലൈക്ക പിന്മാറുകയായിരുന്നു
പകരം വന്നത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആയിരുന്നു. ഇപ്പോള്‍ എമ്പുരാനെ കുറിച്ചും ലൈക്കയുടെ പിന്‍മാറ്റത്തെ കുറിച്ചും പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.
‘ഒരു സമയമെത്തിയപ്പോള്‍ രാജു എങ്ങനെയാണ് ഈ സിനിമയെ കാണുന്നതെന്ന് എനിക്ക് മനസിലായി. എന്നാല്‍ പറ്റാത്ത അത്രയും വലിയ രീതിയില്‍ ഈ സിനിമയെ എത്തിക്കാന്‍ പറ്റുന്ന ആരെങ്കിലുമായി അസോസിയേറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നി.
ആ ആഗ്രഹത്തിന് പുറത്താണ് ഞങ്ങള്‍ ലൈക്ക എന്ന പ്രൊഡക്ഷന്‍ ഹൗസുമായി ജോയിന്‍ ചെയ്യുന്നത്. അവരുമായി കണ്ടിന്യു ചെയ്ത് കൊണ്ട് എമ്പുരാനുമായി മുന്നോട്ട് വന്നു.
പിന്നെ സിനിമ നിര്‍മിക്കുന്ന സമയത്ത് ഉണ്ടാകുന്ന ചില കാര്യങ്ങളുണ്ട്. സിനിമാ നിര്‍മാണത്തില്‍ എല്ലായിടത്തും ഉണ്ടാകുന്ന കാര്യമാണ് ഇവിടെയും സംഭവിച്ചത്. ഇടയില്‍ വെച്ച് ചര്‍ച്ചകള്‍ നന്നായി വന്നില്ല.
ഇപ്പോള്‍ നിലവില്‍ എമ്പുരാനില്‍ രണ്ട് പ്രൊഡ്യൂസേഴ്‌സ് മാത്രമാണ് ഉള്ളത്. അതില്‍ ഒന്ന് ആശിര്‍വാദ് സിനിമാസാണ്. മറ്റൊന്ന് ഗോകുലം ഗോപാലന്‍ സാറാണ്,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
Content Highlight: Antony Perumbavoor Talks About Lyca Production And Empuraan Movie