മലയാളത്തിൽ നിരവധി വിജയചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് സിനിമാസ്. നരസിംഹം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ സിനിമയിലൂടെ ആരംഭിച്ച ആശീർവാദ് സിനിമാസ് രസതന്ത്രം, ദൃശ്യം, സ്പിരിറ്റ് തുടങ്ങിയ മികച്ച ചിത്രങ്ങളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ഒടിയൻ എന്ന ചിത്രം നിർമിച്ചതും ആശീർവാദ് ആയിരുന്നു. മലയാള സിനിമ മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത ഒടിയൻ എന്ന വിഷയത്തെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ വമ്പൻ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു ഒടിയൻ.
ചിത്രത്തിനായി മോഹൻലാൽ നടത്തിയ മേക്ക് ഓവറും അത്ഭുതത്തോടെയാണ് മലയാളികൾ കണ്ടത്. എന്നാൽ അമിത പ്രതീക്ഷ തന്നെയായിരുന്നു ചിത്രത്തിന് അപകടമായത്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.
എല്ലാ സിനിമകളും ഹിറ്റ് ചിത്രമാക്കാൻ കഴിയില്ലെന്ന് പറയുകയാണ് ആശിർവാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂർ. അങ്ങനെ ഒരാൾക്ക് കഴിയുമെങ്കിൽ എല്ലാ സിനിമകളും താൻ നിർമിച്ചേനെയെന്നും പ്രേക്ഷകർ എന്താണ് ചിന്തിക്കുന്നതെന്ന് പറയാൻ കഴിയില്ലെന്നും ആന്റണി പറയുന്നു. തിയേറ്റർ കളക്ഷന്റെ കാര്യത്തിൽ ഒടിയൻ ഹിറ്റ് ചിത്രമാണെന്നും ആന്റണി മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് പറഞ്ഞു.
‘എല്ലാ സിനിമകളും ഹിറ്റ് ചിത്രമാക്കാൻ കഴിയില്ല. അങ്ങനെ ഒരാൾക്ക് കഴിയുമെങ്കിൽ അയാളുടെ എല്ലാ സിനിമകളും ഞാൻ നിർമിച്ചേനെ. ഓരോ സിനിമയിൽനിന്നും പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നെന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല. നമ്മൾ പ്രതീക്ഷിച്ച കാര്യങ്ങളെല്ലാം ഒടിയനിൽനിന്ന് കിട്ടിയിരുന്നു. തിയേറ്റർ കളക്ഷന്റെ കാര്യത്തിൽ ഒടിയൻ ഹിറ്റ് ചിത്രമായിരുന്നു,’ആന്റണി പെരുമ്പാവൂർ പറയുന്നു.
അതേസമയം ആശിർവാദ് സിനിമാസ് നിർമിക്കുന്ന മലയാളത്തിൽ ഏറ്റവും ചിലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2019ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമായ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം സിനിമ പ്രദർശനത്തിനെത്തും.
Content Highlight: Antony Perumbavoor Talk About Odiyan Movie