ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആന്റണി പെരുമ്പാവൂര്‍ നടത്തിയ പി.ആര്‍ വര്‍ക്കോ?  ഫോട്ടോ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
Film News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആന്റണി പെരുമ്പാവൂര്‍ നടത്തിയ പി.ആര്‍ വര്‍ക്കോ?  ഫോട്ടോ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th August 2024, 5:11 pm

കഴിഞ്ഞ ദിവസം നടന്ന മഴവില്‍ എന്റര്‍ടൈന്മെന്റ്‌സ് അവാര്‍ഡില്‍ ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ചെറിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമിരുന്ന് ആന്റണി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ‘മമ്മൂട്ടിക്കമ്പനി, ആശീര്‍വാദ് സിനിമാസ്’ എന്നായിരുന്ന ക്യാപ്ഷന്‍ നല്കിയത്. ഇതോടെ ആരാധകര്‍ക്കിടയില്‍ മാത്രം വലിയ ചര്‍ച്ചകള്‍ രൂപപ്പെട്ടു.

നരസിംഹത്തിന് ശേഷം മമ്മൂട്ടിയുമായി ആശീര്‍വാദ് സിനിമാസ് സഹകരിക്കുന്നുവെന്നും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാനാകുമെന്നും ചില ചര്‍ച്ചകളുണ്ടായി. മമ്മൂട്ടിക്കമ്പനി മഹേഷ് നാരായണനുമായി ഒന്നിക്കുന്ന സിനിമയില്‍ സുരേഷ് ഗോപിക്ക് പകരം മോഹന്‍ലാല്‍ വരുന്നുവെന്ന പ്രചരണവും ഉണ്ടായിരുന്നു.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ സംഘടനക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ആന്റണി പെരുമ്പാവൂര്‍ ചെയ്ത പി.ആര്‍ വര്‍ക്കാണിതെന്ന് ചിലര്‍ ആരോപിച്ചു. സംഘടനയുടെ തലപ്പത്തിരിക്കുന്ന നടന്മാരുടെ ഇമേജ് രക്ഷിക്കാന്‍ വേണ്ടിയും ആരാധകര്‍ക്കിടയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകാതിരിക്കാനും വേണ്ടിയാണ് ഇത്തരം റൂമറുകള്‍ പടച്ചുവിടുന്നതെന്നും ചിലര്‍ ആരോപിച്ചു.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് കൂടുതല്‍ നടിമാര്‍ രംഗത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ രഞ്ജിത് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് അന്‍സിബ ഹസനും വെളിപ്പെടുത്തി.

വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷും പരാതികളില്‍ വേണ്ട നടപടിയെടുക്കണമെന്ന് നടി ഉര്‍വശിയും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരും അമ്മ സംഘടനയും ചേര്‍ന്ന് സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Antony Perumbavoor’s new post discussed on social media