| Wednesday, 1st January 2025, 12:42 pm

ഞാൻ കഥ കേൾക്കുന്നു എന്നത് അമ്പത് ശതമാനം ശരിയും അമ്പത് ശതമാനം തെറ്റുമാണ്, പക്ഷെ..: ആന്റണി പെരുമ്പാവൂർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് ഫിലിംസ്. നരസിംഹം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ സിനിമ നിർമാണം തുടങ്ങിയ ആശിർവാദ് സ്പിരിറ്റ്‌, രസതന്ത്രം തുടങ്ങിയ മികച്ച സിനിമകളും മലയാളത്തിന് നൽകിയിട്ടുണ്ട്.

മലയാളത്തിൽ ഏറ്റവും ഹൈപ്പിലെത്തിയ ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയതായിരുന്നു. മലയാളത്തിൽ ഏറ്റവും ബഡ്ജറ്റിൽ ഇറങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആശീർവാദ് സിനിമാസ്.

മോഹൻലാൽ ചിത്രങ്ങളുടെ കഥ കേൾക്കുന്നതും തെരഞ്ഞെടുക്കുന്നതും ആന്റണി പെരുമ്പാവൂരാണെന്ന് ചില വിമർശനങ്ങൾ ഇടയ്ക്ക് ഉയർന്നുവരാറുണ്ട്. എന്നാൽ ആശിർവാദ് നിർമിക്കുന്ന സിനിമകളുടെ കഥ മാത്രമാണ് താൻ കേൾക്കാറുള്ളതെന്നും കൂടെ മോഹൻലാലും ഉണ്ടാവാറുണ്ടെന്നും ആന്റണി പറയുന്നു. മറ്റ് നിർമാതാക്കൾ ഒരുക്കുന്ന സിനിമയുടെ കഥകൾ മോഹൻലാൽ മാത്രമാണ് കേൾക്കാറെന്നും ആന്റണി കൂട്ടിച്ചേർത്തു.

‘ഒറ്റവാക്കിലൊരുത്തരം നൽകാം, ആന്റണി കഥ കേൾക്കുന്നു എന്നത് അമ്പത് ശതമാനം ശരിയും, അമ്പത് ശതമാനം തെറ്റുമാണ്. കാരണം, ആശീർവാദ് നിർമിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാൽസാറും ചേർന്നാണ് കേൾക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളിൽ നടക്കുന്ന ചർച്ചകളിൽ ഞാനും പങ്കാളിയാകാറുണ്ട്.

മറ്റ് നിർമാതാക്കൾ ഒരുക്കുന്ന സിനിമകളുടെ കഥകൾ ലാൽസാർ തന്നെയാണ് കേൾക്കുന്നത്. അത്തരം ചർച്ചകളിൽ ഞാനിരിക്കാറില്ല. അതിനുകാരണം, എതെങ്കിലും തരത്തിൽ ആ സിനിമ നടക്കാതെ പോയാൽ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ.

സൗഹൃദവലയത്തിലും പരിചയത്തിലും ഉള്ളവർ നിർബന്ധിക്കുന്ന ചില സാഹചര്യങ്ങളിൽ കഥ കേൾക്കാൻ ഇരിക്കേണ്ടിവരാറുണ്ട്. കഥകേട്ടാൽ അഭിപ്രായം പറയാൻ മടികാണിക്കാത്ത ആളാണ് ഞാൻ. അതുകൊണ്ട് കഴിയുന്നതും എന്നെ അത്തരം ചർച്ചയിൽ ഇരുത്തരുതെന്ന് നിർബന്ധിക്കുന്നവരോടെല്ലാം ഞാൻ ആദ്യമേ പറയാറുണ്ട്,’ആന്റണി പെരുമ്പാവൂർ പറയുന്നു.

Content Highlight: Antony Perumbavoor About Story Selection For Aashirvadh Cinimas

We use cookies to give you the best possible experience. Learn more