| Sunday, 13th October 2024, 2:26 pm

എന്നേക്കാൾ വലിയ മോഹൻലാൽ ഫാൻ പൃഥ്വിയാണെന്ന് അപ്പോഴാണ് ഞാൻ മനസിലാക്കിയത്: ആന്റണി പെരുമ്പാവൂർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. 2019ല്‍ റിലീസായി വലിയ വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് പ്രധാനവേഷത്തിലെത്തുന്നത്. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാംഭാഗമായ ലൂസിഫറും വലിയ വിജയമായി മാറിയിരുന്നു.

ലൂസിഫർ എന്ന ചിത്രം സംഭവിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. വർഷങ്ങൾക്ക് മുമ്പ് തന്നെ മുരളി ഗോപി ആശിർവാദ് ഫിലിംസിനായി ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നുവെന്നും എന്നാൽ അത് മുടങ്ങിപ്പോയെന്നും ആന്റണി പറയുന്നു. ടിയാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് തനിക്ക് സംവിധാനം ചെയ്യാനുള്ള ആഗ്രഹം പൃഥ്വിരാജ് മുരളിയോട് പറയുന്നതൊന്നും അതറിഞ്ഞ മോഹൻലാൽ ആ സിനിമ നമുക്ക് നിർമിക്കാമെന്ന് പറഞ്ഞെന്നും ആന്റണി പറയുന്നു.

ലൂസിഫർ കണ്ടപ്പോഴാണ് പൃഥ്വിരാജ് തന്നെക്കാൾ വലിയ മോഹൻലാൽ ഫാനാണെന്ന് മനസിലായതെന്നും ആന്റണി കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ്‌ സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വർഷങ്ങൾക്ക് മുമ്പ് മുരളി ഗോപി ആശിർവാദിന് വേണ്ടി ഒരു സിനിമ ചെയ്യാമെന്നേറ്റിരുന്നു. കഥ വേറെയാണെങ്കിലും അന്ന് സിനിമയ്ക്ക് ലൂസിഫർ എന്ന പേരാണ് മുരളി ഇട്ടത്. രാജേഷ് പിള്ളയായിരുന്നു ആ ചിത്രത്തിൻ്റെ സംവിധായകൻ. പലകാരണങ്ങളാൽ ആ സിനിമ വൈകിപ്പോയി. ഹൈദരാബാദിൽ പൃഥിരാജിൻ്റെ ടിയാൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ മുരളി ഗോപി എന്നെ വിളിച്ചു ചോദിച്ചു, അണ്ണാ ഈ സിനിമ ആരെവെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടിയെന്ന്.

അതൊന്നും തിരുമാനിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞു. ചിത്രത്തിൻ്റെ കഥ സെറ്റിൽവെച്ച് പൃഥിരാജിനോടു പറഞ്ഞപ്പോൾ. ഈ പടം അവൻ സംവിധാനം ചെയ്യട്ടെ എന്നു ചോദിച്ചു. ഞാൻ എന്താ പറയേണ്ടതെന്ന് മുരളി ചോദിച്ചു.
എനിക്ക് പെട്ടെന്ന് മറുപടി പറയാൻ കഴിഞ്ഞില്ല. ഞാൻ ഉടനെ ലാൽസാറിനെ വിളിച്ച് ഈ കാര്യം പറഞ്ഞു. അത് കൊള്ളാലോ. രാജു പടം ഡയറക്ട് ചെയ്യാൻ പോകാണോ? നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസംതന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി, ആ പ്രോജക്ടിനെക്കുറിച്ച് ധാരണയാക്കി. മോഹൻലാലിന്റെ വലിയ ഫാൻ ഞാനാണെന്നാണ് ഇതുവരെയും ധരിച്ചിരിക്കുന്നത്. ലൂസിഫർ കണ്ടപ്പോൾ മനസിലായി, എന്നെക്കാൾ വലിയ ഫാൻ പൃഥിരാജായിരുന്നെന്ന്. എമ്പുരാൻ്റെ കഥയെഴുതിവന്നപ്പോൾ ഇതിനൊരു മൂന്നാം ഭാഗത്തിന് സാധ്യതയുണ്ടെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ദൈവം സഹായിച്ചാൽ അതും നടക്കും,’ആന്റണി പെരുമ്പാവൂർ പറയുന്നു.

Content Highlight: Antony Perumbavoor About Prithviraj And Mohanlal Fan Boy Moment

We use cookies to give you the best possible experience. Learn more