| Monday, 9th December 2024, 1:11 pm

അതിൽ ഭയം തോന്നിയിട്ടാണ് ലാലേട്ടന്റെ ആ സിനിമ ബ്രാൻഡ് മാറ്റി പരീക്ഷിച്ചത്: ആന്റണി പെരുമ്പാവൂർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി വിജയചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് സിനിമാസ്. നരസിംഹം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ചിത്രമായ സിനിമയിലൂടെ ആരംഭിച്ച ആശീർവാദ് സിനിമാസ് രസതന്ത്രം, ദൃശ്യം, സ്പിരിറ്റ്‌ തുടങ്ങിയ മികച്ച ചിത്രങ്ങളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

പി.ടി. കുഞ്ഞു മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച് 2007ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു പരദേശി. മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത സിനിമയാണ് പരദേശി. പരദേശി നിർമിച്ചത് ആശിർവാദ് സിനിമാസാണെന്നും എന്നാൽ അത് എ ആൻഡ് എ എന്ന മറ്റൊരു ബ്രാൻഡിലാണ് ഒരുക്കിയതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

സ്ഥിരമായി കൊമേർഷ്യൽ സിനിമകൾ ചെയ്യുന്ന ഒരു പ്രൊഡക്ഷൻ കമ്പനി പരദേശി പോലൊരു സിനിമ ചെയ്താൽ വീണ്ടും അത്തരം സിനിമകൾ പ്രേക്ഷകർ പ്രതീക്ഷിക്കുമോയെന്ന ഭയം തനിക്കുണ്ടായിരുന്നുവെന്നും ആന്റണി പറഞ്ഞു. ജോഷി സംവിധാനം ചെയ്ത നരനും സത്യൻ അന്തിക്കാടിന്റെ രസതന്ത്രവുമെല്ലാം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും ആന്റണി പങ്കുവെച്ചു.

‘ആശീർവാദ് നരൻ എന്ന ചിത്രത്തിന് മുമ്പ് ജോഷിസാറിന്റെ സംവിധാനത്തിൽ ഒരു സിനിമയെടുത്തിട്ടുണ്ടായിരുന്നില്ല. അതിനുശേഷവും ചിത്രത്തിനായുള്ള ചർച്ചകൾ നിരന്തരം ഞങ്ങൾ നടത്താറുണ്ട്, പലതും വർക്കൗട്ടായി വന്നില്ല. അതുപോലെതന്നെയാണ് സത്യൻചേട്ടൻ സംവിധാനം ചെയ്‌ത രസതന്ത്രവും ഇന്നത്തെ ചിന്താവിഷയവും ആശീർവാദ് നിർമിച്ചത്. മലയാളത്തിൽ ഒത്തിരി ഹിറ്റ് ചിത്രങ്ങൾ തീർത്ത കൂട്ടുകെട്ട് ആവർത്തിക്കണമെന്ന അടങ്ങാത്ത മോഹമായിരുന്നു അതിനുപിന്നിൽ. ചരിത്രം ആവർത്തിക്കാൻ ആ കൂട്ടുകെട്ടിന് കഴിഞ്ഞു.

സത്യൻസാറിനൊപ്പം സിനിമ ചെയ്യുമ്പോൾ ഒന്നും ചിന്തിക്കാനില്ല, ഒപ്പം ഒരാളായി നിന്നു കൊടുത്താൽ മതി. എല്ലാം അദ്ദേഹം ഏറ്റെടുത്തുകൊള്ളും. പക്കാ കൊമേഴ്സ്യൽ ചിത്രങ്ങൾക്കിടയിൽ പരദേശി എന്ന ചിത്രം നിർമിച്ചിരുന്നു. അത് ആശീർവാദിന്റെ ബാനറിലല്ല. എ ആൻഡ് എ പ്രൊഡക്‌ഷൻസിൻ്റെ ബാനറിലാണ് ഞങ്ങൾ നിർമിച്ചത്. ആ നീക്കം ബോധപൂർവമായിരുന്നു.

കാരണം സ്ഥിരം കൊമേഴ്‌സ്യൽ ചിത്രങ്ങൾ ഇറക്കുന്ന ബാനറിൽ നിന്ന് അത്തരമൊരു ചിത്രമിറങ്ങി, അടുത്ത ആശീർവാദിൻ്റെ സിനിമ വരുമ്പോൾ അതും ആ ഗണത്തിലുള്ളതാകുമോ എന്ന് പ്രേക്ഷകർക്ക് സംശയം വരും. അത് പേടിച്ചിട്ടാണ് ബ്രാൻഡ് മാറ്റി പരീക്ഷിച്ചത്,’ആന്റണി പെരുമ്പാവൂർ പറയുന്നു.

Content Highlight: Antony Perumbavoor About Paradeshi Movie

Video Stories

We use cookies to give you the best possible experience. Learn more