| Sunday, 5th January 2025, 10:24 am

ലാൽ സാറാണ് ആ സിനിമ നിർമിക്കാൻ പറഞ്ഞത്, അദ്ദേഹം പറഞ്ഞാൽ ഞാൻ ചെയ്യും: ആന്റണി പെരുമ്പാവൂർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് ഫിലിംസ്. നരസിംഹം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ സിനിമ നിർമാണം തുടങ്ങിയ ആശിർവാദ് സ്പിരിറ്റ്‌, രസതന്ത്രം തുടങ്ങിയ മികച്ച സിനിമകളും മലയാളത്തിന് നൽകിയിട്ടുണ്ട്.

മലയാളത്തിൽ ഏറ്റവും ഹൈപ്പിലെത്തിയ ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയതായിരുന്നു. മലയാളത്തിൽ ഏറ്റവും ബഡ്ജറ്റിൽ ഇറങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആശീർവാദ് സിനിമാസ്.

നരസിംഹം എന്ന സിനിമയിലൂടെയാണ് ആശീർവാദ് എന്ന കമ്പനി ഉണ്ടാവുന്നതെന്നും മോഹൻലാലാണ് നരസിംഹം നിർമിക്കാൻ തന്നോട് പറയുന്നതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അതിനുമുമ്പ് ഒരു സിനിമ ചെയ്യാൻ തനിക്ക് തോന്നിയിട്ടില്ലെന്നും ഒരു നിർമാതാവാൻ തനിക്ക് കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

‘നരസിംഹം എന്ന സിനിമയിലൂടെയാണ് ആശീർവാദ്‌ സിനിമാസും ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവും ജനിക്കുന്നത്. ലാൽസാറാണ് എന്നോട് നരസിംഹം സിനിമ നിർമിക്കാൻ ആവശ്യപ്പെട്ടത്. അദ്ദേഹം പറഞ്ഞാൽ അത്‌ ഞാൻ ചെയ്യും. അങ്ങനെയാണ് നിർമാതാവായി മാറിയത്. അതിനുമുൻപ് ഒരിക്കലും ഒരു സിനിമ നിർമിക്കണമെന്ന്‌ ഞാൻ ആഗ്രഹിച്ചിട്ടില്ല.

കാരണം ലാൽസാറിനൊപ്പമുള്ള ജീവിതയാത്രയിൽ സിനിമയിലെ ഒരുപാട്‌ നിർമാതാക്കളുടെ ബുദ്ധിമുട്ട്‌ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും എനിക്കൊരു നിർമാതാവാകാൻ സാധിക്കുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാൽ ലാൽസാർ നൽകിയ പിൻബലത്തിലാണ് ‌നിർമാണരംഗത്തേക്ക് ഇറങ്ങിയത്.

നരസിംഹം മുതൽ ക്രിസ്മസ് റിലീസായ ബറോസ് വരെ മുപ്പതിലധികം സിനിമകൾ ലാൽസാറിനുവേണ്ടി നിർമിക്കാനായി. ലാൽസാറിൻ്റെ മകനായപ്രണവ് നായകനായ ആദി നിർമിക്കാനുള്ള ഭാഗ്യവും എന്നെത്തേടിയെത്തി. അതിൽ ഭൂരിഭാഗം സിനിമകളും വലിയ തിയേറ്റർ വിജയങ്ങളായിരുന്നു.

ലാൽസാറിനെ നായകനാക്കി ആശീർവാദ്‌ നിർമിക്കുന്ന എമ്പുരാൻ, ഹൃദയപൂർവം എന്നീ സിനിമകളാണ് 2025ൽ പ്രദർശനത്തിനെത്തുക,’ആന്റണി പെരുമ്പാവൂർ പറയുന്നു.

Content Highlight: Antony Perumbavoor About His First Film Production

We use cookies to give you the best possible experience. Learn more