ആശീർവാദ് സിനിമാസിന് പൂർണമായി സന്തോഷം നൽകാത്ത ചിത്രങ്ങൾ, അതിന്റെ പേരിൽ ആരോടും പിണക്കമില്ല: ആന്റണി പെരുമ്പാവൂർ
Entertainment
ആശീർവാദ് സിനിമാസിന് പൂർണമായി സന്തോഷം നൽകാത്ത ചിത്രങ്ങൾ, അതിന്റെ പേരിൽ ആരോടും പിണക്കമില്ല: ആന്റണി പെരുമ്പാവൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd January 2025, 11:07 am

മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് ആശീർവാദ് ഫിലിംസ്. നരസിംഹം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ സിനിമ നിർമാണം തുടങ്ങിയ ആശിർവാദ് സ്പിരിറ്റ്‌, രസതന്ത്രം തുടങ്ങിയ മികച്ച സിനിമകളും മലയാളത്തിന് നൽകിയിട്ടുണ്ട്.

മലയാളത്തിൽ ഏറ്റവും ഹൈപ്പിലെത്തിയ ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയതായിരുന്നു. മലയാളത്തിൽ ഏറ്റവും ബഡ്ജറ്റിൽ ഇറങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആശീർവാദ് സിനിമാസ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ മുപ്പതോളം സിനിമകൾ പ്രദർശനത്തിനെത്തിയിട്ടുണ്ടെന്നും അതിൽ പൂർണമായി സന്തോഷം ലഭിക്കാത്ത സിനിമകളും ഉണ്ടായിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. എന്നാൽ അതിന്റെ പേരിൽ ആരോടും പരിഭവമോ പിണക്കമോയില്ലെന്നും മോഹൻലാലിനൊപ്പം കുറേകാലമായി സഞ്ചരിക്കുന്നത് കൊണ്ട് പരാജയങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് താൻ മനസിലാക്കിയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

‘ആശീർവാദ് സിനിമാസിന്റെ ബാനറിൽ മുപ്പതോളം സിനിമകൾ പ്രദർശനത്തിനെത്തിയിട്ടുണ്ട്. അതിൽ പൂർണമായി സന്തോഷം ലഭിക്കാത്ത സിനിമകളും ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിന്റെ പേരിൽ ഒപ്പം പ്രവർത്തിച്ചവരോട് പരിഭവമോ, പിണക്കമോ ഇല്ല. ചില ശ്രമങ്ങൾ വേണ്ട രീതിയിൽ ഫലം കണ്ടില്ല എന്നുമാത്രം. ലാൽസാറിനൊപ്പം വർഷങ്ങളായി സഞ്ചരിക്കുന്നതുകൊണ്ടാകണം വിജയങ്ങൾ മാത്രമല്ല മറ്റവസ്ഥകളും എങ്ങനെ തരണം ചെയ്യണമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

സിനിമകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെവന്ന സാഹചര്യത്തിലെല്ലാം സങ്കടമുണ്ടായി എന്നത് സത്യമാണ്. ലാൽസാർ-ലാൽജോസ് കൂട്ടുകെട്ട് വർഷങ്ങളായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. ഒടിയൻ പറയാനുദ്ദേശിച്ച പ്രമേയം കൗതുകമുണർത്തുന്നതും ആവേശം നിറയ്ക്കുന്നതുമായിരുന്നു

പേരെടുത്ത, വലിയ വിജയം നേടിയ സംവിധായകർക്കൊപ്പമാണ് ആശീർവാദ് കൂടുതലും സഞ്ചരിച്ചത്. സിനിമകൾ കൂട്ടായ പ്രവർത്തനമാണ്. വിജയമായാലും പരാജയമായാലും അത് ഏതെങ്കിലുമൊരാളിലേക്കുമാത്രം വിരൽചൂണ്ടാനാകില്ല. സിനിമയുടെ വിജയങ്ങൾക്കപ്പുറത്ത് ലാൽസാറിനെ ഇഷ്ടപ്പെടുന്നവർക്ക് ആശീർവാദ് സിനിമാസിനോട് സ്നേഹമുണ്ട്. അവർ സിനിമ കണ്ടിട്ടാണ് അത് പ്രകടിപ്പിക്കുന്നത്. അതുതന്നെയാണ് ആശീർവാദിന്റെ പ്രചോദനം,’ആന്റണി പെരുമ്പാവൂർ പറയുന്നു.

Content Highlight: Antony Perumbavoor About Flop Movies Of Ashirvadh Cinimas