| Friday, 18th October 2024, 3:19 pm

പൊലിപ്പിച്ചു പറഞ്ഞ ആ കഥകൾ സിനിമയായപ്പോൾ പരാജയപ്പെട്ടു: ആന്റണി പെരുമ്പാവൂർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് ആശിർവാദ് ഫിലിംസ്. നരസിംഹം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ സിനിമ നിർമാണം തുടങ്ങിയ ആശിർവാദ് സ്പിരിറ്റ്‌, രസതന്ത്രം തുടങ്ങിയ മികച്ച സിനിമകളും മലയാളത്തിന് നൽകിയിട്ടുണ്ട്.

മലയാളത്തിൽ ഏറ്റവും ഹൈപ്പിലെത്തിയ ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയതായിരുന്നു. മലയാളത്തിൽ ഏറ്റവും ബഡ്ജറ്റിൽ ഒരുങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആശിർവാദ് സിനിമാസ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. മോഹൻലാൽ ആരാധകരടക്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.

ആളുകൾ സിനിമാകഥ വന്ന് പറയുമ്പോൾ മനസിൽ ഒരു സിനിമ കാണാൻ പറ്റുകയാണെങ്കിൽ ആ ചിത്രം ഹിറ്റാവുമെന്ന് പറയുകയാണ് ആന്റണി പെരുമ്പാവൂർ. എന്നാൽ പൊലിപ്പിച്ച് പറഞ്ഞ പല കഥകളും സിനിമയായി വന്നപ്പോൾ പരാജയപ്പെട്ടിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരാൾ സിനിമാക്കഥ പറയാൻ വരുമ്പോൾ, ആ സമയത്ത് തന്നെ നമ്മുടെ ഭാവനയിൽ സിനിമ കാണാറുണ്ട്. അതുപോലെ സിനിമ വന്നാൽ ഹിറ്റാകുമെന്നുറപ്പാണ്. നമ്മൾ കാണുന്ന സിനിമയിൽ പ്രേക്ഷകപ്രതികരണത്തെക്കുറിച്ചും ചിന്തിക്കാറുണ്ട്. അങ്ങനെ പല സീനുകളും പൊളിച്ചെഴുതിയിട്ടുണ്ട്.

ചില ചിത്രങ്ങളിൽ എൻ്റെ കാഴ്‌ചപ്പാടുകളും തെറ്റായിവന്നിട്ടുണ്ട്. വലുതായി പൊലിപ്പിച്ചുപറഞ്ഞ ചില കഥകൾ സിനിമയായപ്പോൾ അതൊന്നും കാണാതെയും വന്നിട്ടുണ്ട്. ലുസിഫർ എന്ന ചിത്രത്തിന്റെ കഥ കേൾക്കുമ്പോൾ എൻ്റെ ഭാവനയിൽ പിറന്ന സിനിമയെക്കാൾ എത്രയോ മുകളിലുള്ള ചിത്രമാണ് പൃഥി എടുത്തുവെച്ചത്.

എൻ്റെ സംശയങ്ങൾക്കും അവൻ വ്യക്തമായ ഉത്തരമാണ് തന്നത്. സിനിമ മനഃപാഠമാക്കിയ സംവിധായകൻ്റെ ലക്ഷണമായിരുന്നു ഞാൻ അവിടെ കണ്ടത്,’ആന്റണി പെരുമ്പാവൂർ പറയുന്നു.

Content Highlight: Antony Perumbavoor About Film Selections

We use cookies to give you the best possible experience. Learn more