ദൃശ്യം 2 പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ ആഘോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനൊപ്പം തന്നെ ചിത്രത്തിന്റെ അടുത്ത ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും ആരാധകര്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടാം ഭാഗത്തിന്റെ അവസാന ഭാഗത്തുള്ള ചില സൂചനകള്‍ കൂടി വെച്ചാണ് മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്തുന്നത്.
ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടിമായെത്തുകയാണ് ദൃശ്യത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍. ‘ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായതാണ്. അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാല്‍ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു.’ ആന്റണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദൃശ്യം 2 ന് എല്ലാ ഭാഷയിലും റിമേക്ക് ഉണ്ടാകാം. തിയറ്ററില്‍ റിലീസാകാത്തതില്‍ നിരാശയുണ്ട്. സിനിമ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. പക്ഷേ ഇത് പ്രത്യേക കാലഘട്ടമാണ്. നിലനില്‍പ്പിന്റെ ഭാഗമായാണ് ഒടിടി റിലീസെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ദൃശ്യം 2വിന് ലഭിച്ച മികച്ച പ്രതികരണത്തിന് ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാലും എത്തിയിരുന്നു. ‘നിങ്ങള്‍ എപ്പോഴും എനിക്ക് നല്‍കി വരുന്ന സ്‌നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്. എന്റെ ദൃശ്യം 2 സിനിമക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
ജോര്‍ജുകുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് നന്ദി. ഞങ്ങള്‍ സംരക്ഷിക്കുന്ന ഈ രഹസ്യങ്ങള്‍ എന്താണെന്ന് അറിയണമെങ്കില്‍ ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 കാണുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ദൃശ്യം 2വിന് ലഭിച്ച സ്വീകാര്യതയോട് പ്രതികരിച്ച് സംവിധായകന്‍ ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ജീത്തു ജോസഫ് ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും ജീത്തു പറഞ്ഞു. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന പ്രതികരണം തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററില്‍ ഇറക്കിയിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടുമായിരുന്നെന്നും നിലവിലെ സാഹചര്യങ്ങള്‍ മൂലമാണ് തിയേറ്റര്‍ റിലീസ് സാധിക്കാതായതെന്നും ജീത്തു പറഞ്ഞു. കുടുംബങ്ങള്‍ തിയേറ്ററിലേക്ക് വരാന്‍ മടിക്കുന്നുവെന്നാണ് പലരോടും സംസാരിച്ചതില്‍ നിന്നും മനസ്സിലായതെന്നും ഇതാണ് ഒ.ടി.ടി റിലീസ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക