Entertainment
ബ്ലാക്ക് ആൻഡ് വൈറ്റ് കളറിനായി പൃഥ്വി റാസൽഖൈമയിലെ ആ ഷോട്ട് റഷ്യയിലേക്ക് മാറ്റി: ആന്റണി പെരുമ്പാവൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 11:28 am
Friday, 24th January 2025, 4:58 pm

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വിരാജ് ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഒടിയൻ എന്ന വലിയ പരാജയ ചിത്രത്തിന് ശേഷം മോഹൻലാൽ ഗംഭീര തിരിച്ചുവരവ് നടത്തിയ സിനിമയായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ രചനയിൽ പിറന്ന ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.

ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മാർച്ച് 27 ന് എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്തും.

പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. ലൂസിഫറിന്റെ ക്ലൈമാക്സ് റാസൽഖൈമയിൽ വെച്ചായിരുന്നു ആദ്യം ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും എന്നാൽ ആ സീൻ ബ്ലാക്ക് ആൻഡ് വൈറ്റിൽ അവതരിപ്പിക്കണമെന്ന ആഗ്രഹമുള്ളത് കൊണ്ട് പിന്നീട് റഷ്യയിൽ ഷൂട്ട് ചെയ്‌തെന്നും ആന്റണി പറയുന്നു. ലൊക്കേഷനുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിയെന്നും ഒരു തീരുമാനമെടുത്താൽ അത് മാറ്റാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്തുകാര്യവും അവൻ തീരുമാനിക്കുന്നതിന് മുമ്പ് പറഞ്ഞ് കറക്ട് ചെയ്യിപ്പിക്കാം. എല്ലാം തീരുമാനിച്ചുകഴിഞ്ഞ് മാറ്റാൻ ബുദ്ധിമുട്ടാണ്. കാരണം എല്ലാ ലൊക്കേഷനും അവൻ നേരിട്ടുപോയാണ് തീരുമാനിക്കുന്നത്. ചിത്രീകരിക്കേണ്ട സീനിലെ താരങ്ങളെക്കുറിച്ചും കളർ പാറ്റേണിനെക്കുറിച്ചും അവന് നേരത്തേ മനസിൽ നല്ല ധാരണയുണ്ടാകും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് മാറ്റാനാണ് പ്രയാസം.

ലൂസിഫറിലെ റഷ്യയിലെ സീൻ ചിത്രീകരിക്കാൻ ആദ്യം തീരുമാനിച്ചത് റാസൽഖൈമയിൽ വെച്ചായിരുന്നു. എന്നാൽ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ പാറ്റേണിലാണ് രാജു ആ സീൻ മനസിൽ കണ്ടത്. അത് റാസൽഖൈമയിൽ കിട്ടാതെ വന്നപ്പോഴാണ് ചിത്രീകരണം റഷ്യയിലേക്ക് മാറ്റിയത്. റഷ്യയിലെ ചിത്രീകരണത്തിനുള്ള പെർമിഷൻ വാങ്ങിക്കൊടുത്തതല്ലാതെ അവിടത്തെ ബാക്കി കാര്യങ്ങളെല്ലാം രാജുവാണ് നോക്കിയത്.

ഞാൻ അവിടെ പോയിട്ടില്ല. ലൊക്കേഷനിലെ തണുപ്പിൽ ടെക്നീഷ്യന്മാരുടെ ജാക്കറ്റ് വരെ വാങ്ങിക്കൊടുത്തത് അവനാണ്. എല്ലാം വിട്ട് ആത്മാർത്ഥമായാണവൻ സിനിമയെ സമീപിക്കുന്നത്. അപ്പോൾ സിനിമയുടെ നന്മയ്ക്കുവേണ്ടി അവൻ ആവശ്യപ്പെടുന്നത് ചെയ്‌തുകൊടുക്കാതിരിക്കാൻ കഴിയില്ല,’ആന്റണി പെരുമ്പാവൂർ പറയുന്നു.

 

Content Highlight: Antony Perumbavoor About Climax Of Lucifer And Prithviraj