| Sunday, 5th March 2017, 10:27 am

കൊട്ടിയൂര്‍ പീഡനം: അയാള്‍ വൈദികനല്ല, കൊടും ക്രിമിനല്‍ ; കടുത്ത രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

അയാള്‍ വൈദികനല്ലെന്നും കൊടും ക്രിമിനലാണെന്നും ആന്റണി പറഞ്ഞു. അയാള്‍ മുന്‍പ് വൈദികനായിരുന്നു എന്ന് പോലും പറയുന്നത് ശരിയല്ല. ഏറ്റവും ഹീനമായപ്രവൃത്തിയാണ് അയാള്‍ ചെയ്തത്. ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.

കടുത്ത ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ അയാളേയും കൈകാര്യം ചെയ്യണം. ഒരു തരത്തിലുള്ള പരിഗണനയും അയാള്‍ക്ക് നല്‍കരുത്. ഇതില്‍ ദയവുചെയ്ത് ആരും രാഷ്ട്രീയം കൊണ്ടുവരരുത്.

സ്ത്രീകള്‍ക്കെതിരെ പീഡനം നടത്തുന്നതെല്ലാം പുരുഷവര്‍ഗമാണ്. അതില്‍ രാഷ്ട്രീയവും ജാതിയും മതവുമൊന്നും ഇല്ല. മാതൃകാപരമായി തന്നെ കടുത്ത ശിക്ഷ അയാള്‍ക്ക് നല്‍കണം.

ഇത്തരക്കാര്‍ക്കെതിരെ കേസെടുത്താല്‍ മാത്രം പോര. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം. ഇങ്ങനെയുള്ള കുറെ പ്രമാണിമാര്‍ ജയിലില്‍ കിടക്കുന്ന ചിത്രം പുറത്തുവന്നാല്‍ തന്നെ ഇത്തരം കുറ്റകൃത്യങ്ങളിലൊക്കെ കുറവ് വരും.

വൈദികനെ സഹായിക്കാന്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ ശ്രമിച്ചതായി കണ്ടെത്തിയാല്‍ അത് പുറത്തുകെണ്ടുവരണമെന്നും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ആന്റണി പറഞ്ഞു.

ഞാന്‍ ആരുടേയും വക്കാലത്ത് പിടിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിയണം. അവര്‍ക്ക് തൊഴിലിടങ്ങളില്‍ ജോലി ചെയ്യാനാകണം. ഇത്തരക്കാരെല്ലാം ചേര്‍ന്ന് കേരളത്തിന്റെ പേര് കളഞ്ഞുകുളിച്ചു. ഇതിലെല്ലാം രാഷ്ട്രീയം കലര്‍ത്തിയാല്‍ തീര്‍ന്നു.

എനിക്ക് ആരോടും സോഫ്റ്റ് കോര്‍ണര്‍ ഇല്ല. ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പരിഗണന ഇത്തരക്കാര്‍ക്ക് ലഭിക്കരുതെന്നും ആന്റണി പറഞ്ഞു.

We use cookies to give you the best possible experience. Learn more