ആലപ്പുഴ: അനിൽ ആന്റണിക്ക് രാഷ്ട്രീയത്തിൽ വരാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും മക്കൾ രാഷ്ട്രീയം പാടില്ലെന്ന് കോൺഗ്രസിൽ പ്രമേയം പാസാക്കിയതോടെ പ്രതീക്ഷകൾ അസ്തമിച്ചെന്നും എന്നാൽ തന്റെ പ്രാർത്ഥന വഴി ബി.ജെ.പിയിൽ അവസരം ലഭിച്ചുവെന്നും എ.കെ. ആന്റണിയുടെ പങ്കാളി എലിസബത്ത് ആന്റണി. കലവൂരുള്ള കൃപാസനം ധ്യാനകേന്ദ്രത്തിൽ സാക്ഷ്യം പറയുമ്പോഴാണ് മകന്റെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് കുറിച്ച് എലിസബത്ത് ആന്റണി തുറന്നു പറഞ്ഞത്.
‘എന്റെ മൂത്ത മകന് രാഷ്ട്രീയത്തിൽ ചേരാൻ വലിയ താല്പര്യമുണ്ടായിരുന്നു. എൻജിനീയറിങ്ങിൽ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചു. അവിടെ നല്ല ജോലിയൊക്കെ കിട്ടിയതാ. അവന് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തടസം മാറാൻ ഞാൻ പ്രാർത്ഥിച്ചു. എന്നാൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ ചിന്തൻ ശിബിരിൽ മക്കൾ രാഷ്ട്രീയം പാടില്ല എന്ന് പ്രമേയം പാസാക്കി.
അതായത് എന്റെ രണ്ട് മക്കൾക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കുവാൻ തടസമാണ്. എന്റെ ഹസ്ബൻഡ് ആണെങ്കിൽ മക്കൾക്ക് രാഷ്ട്രീയത്തിൽ ചേരാൻ ഒരു സഹായവും ചെയ്തുകൊടുക്കില്ല. അതുകൊണ്ട് അമ്മക്ക് മുമ്പിൽ ഞാൻ നിയോഗം വച്ച് പ്രാർത്ഥിച്ചു,’ എലിസബത്ത് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു എന്നും ബി.ജെ.പിയിൽ ധാരാളം അവസരങ്ങൾ ഉള്ളതിനാൽ ചേരുകയാണ് എന്നും അനിൽ ആന്റണി തന്നെ അറിയിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.
‘മക്കളുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നത് ഏത് അമ്മയുടെയും ആഗ്രഹമാണല്ലോ. ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു. അപ്പോൾ അവന് എന്നെ വിളിച്ചു പറഞ്ഞു, അമ്മേ എന്നെ പി.എം.ഓ ഓഫീസിൽ നിന്ന് വിളിച്ചു, ബി.ജെ.പിയിൽ ചേരാൻ. അവിടെ ഒരുപാട് അവസരങ്ങളുണ്ട്. ഞാൻ അച്ഛന്റെ അടുത്തുവന്ന് കാര്യം പറഞ്ഞപ്പോൾ അവനെ തിരിച്ചുവിളിക്കേണ്ട, അവിടെ ഭാവിയുണ്ടെന്ന് പറഞ്ഞു. ‘അമ്മ എന്റെ മനസ്സ് മാറ്റി, ബി.ജെ.പിയോടുള്ള എന്റെ എല്ലാ അറപ്പും വെറുപ്പും മാറി. എന്റെ മകനെ ഞാൻ സ്വീകരിച്ചു,’ എലിസബത്ത് പറഞ്ഞു.
മകൻ ബി.ജെ.പിയിൽ ചേർന്ന വാർത്ത അറിഞ്ഞ് എ.കെ. ആന്റണി തകർന്നുപോയെങ്കിലും സൗമ്യമായി സാഹചര്യം തരണം ചെയ്തുവെന്നും എലിസബത്ത് ആന്റണി പറഞ്ഞു.
‘ചാനലിലൂടെ അവൻ (അനിൽ ആന്റണി) ബി.ജെ.പിയിൽ ചേർന്നത് അറിഞ്ഞു. ഹസ്ബൻഡിന് (എ.കെ. ആന്റണി) വലിയ ഷോക്കായി. എങ്കിലും വളരെ സൗമ്യതയോടെ തന്നെ അദ്ദേഹം ആ സാഹചര്യം തരണം ചെയ്തു.
മകൻ അതിന് ശേഷം വീട്ടിലേക്ക് വരുമ്പോൾ വല്ല പൊട്ടിത്തെറിയും ഉണ്ടാകുമോ എന്നോർത്ത് എനിക്ക് വലിയ ഭയമായിരുന്നു. പക്ഷേ പരിശുദ്ധ അമ്മയുടെ അനുഗ്രഹം കൊണ്ട് എല്ലാവർക്കും സൗമ്യമായി സംസാരിക്കാനുള്ള അന്തരീക്ഷമായിരുന്നു വീട്ടിൽ ഉണ്ടായത്,’ എലിസബത്ത് ആന്റണി പറഞ്ഞു.
മകൻ വീട്ടിൽ വരുന്നതിനോട് ആന്റണിക്ക് എതിർപ്പില്ലെന്നും എന്നാൽ കുടുംബത്തിൽ രാഷ്ട്രീയം സംസാരിക്കരുത് എന്നും ആന്റണി മകനോട് പറഞ്ഞതായും എലിസബത്ത് പറഞ്ഞു.
‘അവനോട് പപ്പ പറഞ്ഞു, പപ്പക്ക് നീ വീട്ടിൽ വരുന്നതിനോട് ഒരു എതിർപ്പുമില്ല. എന്നാൽ രാഷ്ട്രീയം ആരും വീട്ടിൽ സംസാരിക്കാൻ പാടില്ല, കുടുംബകാര്യങ്ങൾ മാത്രം സംസാരിക്കാൻ പാടുള്ളൂ. അവനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല,’ എലിസബത്ത് പറഞ്ഞു.
കൊവിഡ് സമയത്ത് അസുഖം വന്നപ്പോൾ ആന്റണിയും താനും കൃപാസനം ധ്യാനകേന്ദ്രത്തിൽ വന്ന് പ്രാർത്ഥിച്ചാണ് അസുഖം മാറിയതെന്നും അവർ പറഞ്ഞു.
Content Highlight: No more opportunities in congress, Anil joined BJP because of my prayers, says Elizabeth Antony