ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ നഗ്നരാക്കി നടത്തിച്ച സംഭവം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് നടന്‍ ആന്റണി വര്‍ഗീസ്. സംഭവത്തിന്റെ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘മണിപ്പൂര്‍, എന്ന് നടന്നു എപ്പോള്‍ നടന്നു എന്നത് അല്ല, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മള്‍ എന്ന് മനസിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ല. ഇനിയും കാണാന്‍ പറ്റാത്തത് കൊണ്ടാണ്,’ അദ്ദേഹം പറഞ്ഞു.
രണ്ട് കുകി സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്‌പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. ഇവരുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാരെ തല്ലിക്കൊന്നതിന് ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ വധശിക്ഷ നല്‍കുകയോ ചെയ്തില്ലെങ്കില്‍ നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കായികതാരം ഹര്‍ഭജന്‍ സിങ് പറഞ്ഞു.
‘എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാല്‍ അത് നിസാരമയിപ്പോകും. ഞാന്‍ രോഷം കൊണ്ട് മരവിച്ചിരിക്കുകയാണ്. മണിപ്പൂരില്‍ സംഭവിച്ചതില്‍ എനിക്ക് ലജ്ജ തോന്നുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ വധശിക്ഷ നല്‍കുകയോ ചെയ്തില്ലെങ്കില്‍ നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം. ആ സംഭവം എന്നെ ഏറെ വേദനിപ്പിക്കുന്നു,’ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് പറഞ്ഞു.
നേരത്തെ വിഷയത്തില്‍ പ്രതിഷേധവുമായി നടന്‍ അക്ഷയ് കുമാറും രംഗത്തെത്തിയിരുന്നു. ‘മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരെയുള്ള വീഡിയോ അരോചകവും ഭയവും ഉണ്ടാക്കുന്നതാണ്. ഇത് പോലൊരു കുറ്റം ചെയ്യാന്‍ ആരും മുതിരാത്ത തരത്തിലുള്ള ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം അക്രമികള്‍ തങ്ങളെ നഗ്നരാക്കി കൊണ്ടുപോകുന്നതിന് മണിപ്പൂര്‍ പൊലീസ് ദൃക്‌സാക്ഷികളായിരുന്നുവെന്ന് കുകി വനിതകള്‍ ദി വയറിനോട് വെളിപ്പെടുത്തി. ഇതൊക്കെ കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. നാല് പൊലീസുകാര്‍ എല്ലാം കണ്ട് കാറിലിരിക്കുന്നുണ്ടായിരുന്നുവെന്നും അതിജീവിതകളിലൊരാള്‍ പറഞ്ഞു.
രണ്ട് സ്ത്രീകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയസംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. തൗബല്‍ ജില്ലയില്‍ നിന്നുമാണ് ഹെരദാസ് എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടിയിരിക്കുന്നത്.
തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി പന്ത്രണ്ട് അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.