തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ആന്റണി. ചെറിയാന്റെ ഫിലിപ്പ് കോണ്‍ഗ്രസിന് ആവേശം പകരുമെന്നും കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും അദ്ദേഹത്തിന്റെ വരവിനെ ഒരേ സ്വരത്തില്‍ സ്വാഗതം ചെയ്‌തെന്നും ആന്റണി പറഞ്ഞു.
ഞങ്ങള്‍ തമ്മില്‍ പാര്‍ട്ടി ബന്ധം മാത്രമല്ല. ഒരു കുടുംബം പോലെയാണ്. നിര്‍ഭാഗ്യവശാല്‍ ചെറിയാന് കോണ്‍ഗ്രസില്‍ നിന്നുണ്ടായ ചില മാനസിക പ്രയാസങ്ങള്‍ കാരണം, അവഗണനയുണ്ടായെന്ന് തോന്നിയപ്പോള്‍ ചെറിയാന്‍ വികാരപരമായ ഒരു തീരുമാനമെടുത്തു.
ആ ഘട്ടത്തില്‍ എനിക്ക് കുറച്ച് പരിഭവവും പിണക്കവുമുണ്ടായി. ഒരു ഷോക്ക് തന്നെയായിരുന്നു അത്. രണ്ടു മൂന്ന് വര്‍ഷം ഞങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ല. പിന്നീട് എനിക്ക് തോന്നി ചെറിയാന് കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കാന്‍ ചെറിയാന്റേതായ ന്യായങ്ങളുണ്ടാകുമെന്ന്.
അതോടെ എന്റെ പരിഭവം അവസാനിച്ചു.
ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം സാധാരണ നിലയിലായി. ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ചെറിയാന്‍ മിക്കവാറും എന്നെ വീട്ടില്‍ വന്നുകാണും. ദല്‍ഹിയില്‍ വരുമ്പോള്‍ അവിടുത്തെ വീട്ടില്‍ വന്നു കാണും. അതുകൊണ്ട് മഞ്ഞുരുക്കത്തിന്റെ കാര്യം ഇപ്പോഴല്ല പതിനാറ് വര്‍ഷം മുന്‍പേ മഞ്ഞുരുകിയതാണ്.
ഒരിക്കല്‍ ചെറിയാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയും ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനുമൊത്ത് എന്റെ വീട്ടില്‍ വന്നു. കോടിയേരി എന്നെ കെ.ടി.ഡി.സി നടത്തുന്ന പരിപാടിയിലേക്ക് ക്ഷണിച്ചു. ഞാന്‍ സന്തോഷത്തോടെ ആ പരിപാടിയില്‍ പങ്കെടുത്തു. ആ പരിപാടിയില്‍ വെച്ച് ഞങ്ങള്‍ തമ്മിലുള്ള പഴയകാലബന്ധത്തെ കുറിച്ച് സംസാരിച്ചു. അതിന് ശേഷവും പല പരിപാടികളില്‍ ഞങ്ങള്‍ ഒന്നിച്ചു പങ്കെടുത്തു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചെങ്കിലും പിന്നീട് വ്യക്തിബന്ധം സാധാരണ നിലയിലായി, ആന്റണി പറഞ്ഞു.
തിരികെയെത്തുമ്പോള്‍ ചെറിയാന് എന്തെങ്കിലും ഉപദേശം കൊടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. കോണ്‍ഗ്രസിലേക്ക് ചെറിയാന്‍ തിരിച്ചെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ആന്റണി പറഞ്ഞു.
നിങ്ങള്‍ ശ്രദ്ധിക്കാത്ത ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ചെറിയാന്‍ സി.പി.ഐ.എമ്മില്‍ ഏറ്റവും ഉന്നതനായ നേതാക്കന്‍മാരുമൊത്ത് വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറുമ്പോഴും അടുപ്പമുണ്ടാകുമ്പോഴും, എ.കെ.ജി സെന്ററിന്റെ അകത്തളങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടും ചെറിയാന്‍ ഫിലിപ്പ് ഒരിക്കലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുത്തിരുന്നില്ല.
കഴിഞ്ഞ 20 വര്‍ഷമായി ചെറിയാന്‍ ഫിലിപ്പ് ഒരിക്കല്‍ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. ചെറിയാന്‍ ജീവിതത്തില്‍ ആകെ എടുത്തിട്ടുള്ളത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് മാത്രമാണ്.
കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയിട്ടും 20 വര്‍ഷമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കന്‍മാരുമായി സഹകരിച്ചിട്ടും മാര്‍കസിസ്റ്റ് പാര്‍ട്ടിയുടെ മെമ്പറാകാനുള്ള താത്പര്യം ചെറിയാനുണ്ടായിട്ടില്ല. അതെന്നെ വളരെ സ്വാധീനിച്ച ഒരു ഘടകമാണ്.
ഇപ്പോള്‍ പാര്‍ട്ടിയില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരിക്കുന്നു. പാര്‍ട്ടിയില്‍ പഴയതുപോലെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായതില്‍ വളരെ സന്തോഷമുണ്ട്. പല കാര്യങ്ങളിലും ഭിന്നാഭിപ്രായമുള്ളവരാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളെല്ലാവരും സാര്‍വത്രികമായി ഇതിനെ സ്വാഗതം ചെയ്തു. ചെറിയാന്‍ വീണ്ടും തിരികെ വരുന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്.
ചെറിയാന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷകളും കോണ്‍ഗ്രസുകാരാണ്. അദ്ദേഹം തിരികെ കുടുംബത്തിലേക്ക് വരുന്നതുപോലെയാണ്. സി.പി.ഐ.എമ്മില്‍ അദ്ദേഹത്തിന് അങ്ങനെ ഒരു കുടുംബം പോലെ തോന്നിയിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും അംഗത്വമെടുക്കുമായിരുന്നു.
എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസ് എത്തിപ്പെടാതെ ഇന്നത്തെ രാജ്യത്തെ ജനങ്ങളെ വിഘടിപ്പിക്കുന്ന കേന്ദ്രഭരണത്തെ താഴെയിറക്കാന്‍ സാധിക്കില്ല. ബഹുസ്വരത വീണ്ടും ഇന്ത്യയില്‍കൊടിക്കൂറ ഉയര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസും വര്‍ഗീയ വിരുദ്ധ ശക്തികളും ഉണ്ടാകണം. ചെറിയാന്റെ തിരിച്ചുവരവ് കോണ്‍ഗ്രസിനെ കൂടുതല്‍ സഹായകരമാകും എന്ന വിശ്വാസം എനിക്കുണ്ട്, ആന്റണി പറഞ്ഞു.
ചെറിയാന് കോണ്‍ഗ്രസില്‍ അര്‍ഹമായ പദവി ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതെല്ലാം കെ.പി.സി.സി പ്രസിഡന്റ് പറയുമെന്നായിരുന്നു ആന്റണിയുടെ മറുപടി. രാജ്യസഭാ മെമ്പറാകുമോ എന്ന ചോദ്യത്തിന് അങ്ങനെ താന്‍ കരുതുന്നില്ലെന്നും ആന്റണി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം