| Friday, 4th October 2024, 11:33 am

റൊണാള്‍ഡോയുടെയും മെസിയുടെയും പേര് പറയില്ല, നമുക്ക് മനുഷ്യരെ കുറിച്ച് സംസാരിക്കാം; ബുദ്ധിമുട്ടിച്ച താരത്തെ കുറിച്ച് റൂഡിഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സെര്‍ജിയോ ആഗ്യൂറോയാണ് താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ മനുഷ്യനെന്ന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം അന്റോണിയോ റൂഡിഗര്‍.

ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മറ്റേതോ ഗ്രഹത്തില്‍ നിന്നുള്ളവരെ പോലെ അത്രയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഇക്കാരണം കൊണ്ടുതന്നെ അവരെ മനുഷ്യരായി കണക്കാക്കാന്‍ സാധിക്കില്ലെന്നും റൂഡിഗര്‍ പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ഭാഗമായിരിക്കെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും അഗ്യൂറോക്കെതിരെയും റൂഡിഗര്‍ പലപ്പോഴായി നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ താരത്തെ പിടിച്ചുനിര്‍ത്താന്‍ പ്രയാസപ്പെട്ടു എന്നാണ് റൂഡിഗര്‍ വ്യക്തമാക്കുന്നത്.

ഇന്‍സൈഡ് സ്‌കൂപ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരമാര് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച സ്‌ട്രൈക്കര്‍ കുന്‍ അഗ്യൂറോയാണ്. അവനെതിരെ കളിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്.

എനിക്ക് മെസിയുടെയും റൊണാള്‍ഡോയുടെയോ പേര് പറയാം പക്ഷേ എന്നെ സംബന്ധിച്ച് അവര്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളവരാണ്. ഇതുകൊണ്ടുതന്നെ നമുക്ക് മനുഷ്യരുടെ കാര്യം സംസാരിക്കാം,’ റൂഡിഗര്‍ പറഞ്ഞു.

ഒപ്പം കളിച്ചവരില്‍ ഏറ്റവും മികച്ച താരമായി തോന്നിയത് ആര് എന്ന ചോദ്യത്തിനും റൂഡിഗര്‍ ഉത്തരം പറഞ്ഞു. ഫ്രഞ്ച് ഇതിഹാസ താരവും ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സെമയെയാണ് റൂഡിഗര്‍ തെരഞ്ഞെടുത്തത്. നിരവധി മികച്ച താരങ്ങള്‍ക്കൊപ്പം താന്‍ കളിച്ചിട്ടുണ്ടെന്നും എന്നാല്‍ ബെന്‍സെമയെയാണ് തെരഞ്ഞെടുക്കുന്നതെന്നും റൂഡിഗര്‍ പറഞ്ഞു.

‘കരീം ബെന്‍സെമ. എനിക്ക് ഒരുപാട് താരങ്ങളുടെ പേര് പറയാന്‍ സാധിക്കും. നിങ്ങള്‍ക്കറിയാമല്ലോ, എനിക്ക് ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, ഈഡന്‍ ഹസാര്‍ഡ് തുടങ്ങിയവരെ കുറിച്ചെല്ലാം സംസാരിക്കാം.

പക്ഷേ ഞാന്‍ കരീം ബെന്‍സെമയുടെ പേര് പറയും. കാരണം അദ്ദേഹം വളരെ മികച്ച സ്‌ട്രൈക്കറാണ്. അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ഇന്റലിജന്‍സിനെ കുറിച്ച് പറയാന്‍ പോലും സാധിക്കില്ല. വേള്‍ഡ് ക്ലാസാണ് അദ്ദേഹം,’ റൂഡിഗര്‍ പറഞ്ഞു.

Content highlight: Antonio Rudiger names Sergio Aguro as the toughest opponent he faced

We use cookies to give you the best possible experience. Learn more