World News
ഗസയിലെ ഇസ്രഈല്‍ അധിനിവേശം; യു.എന്‍ രക്ഷാ സമിതിയിലെ വിഭാഗീയതക്കെതിരെ അന്റോണിയോ ഗുട്ടറസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 08, 09:51 am
Thursday, 8th February 2024, 3:21 pm

വാഷിങ്ടണ്‍: ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ രൂപപ്പെട്ടിരിക്കുന്ന ഭിന്നതക്കെതിരെ തുറന്നടിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.

അരാജകത്വത്തിന്റെ യുഗത്തിലേക്കാണ് നിലവില്‍ പശ്ചിമേഷ്യ പോയികൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ യു.എന്‍ ഏജന്‍സിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഗുട്ടറസ് യു.എന്‍ രക്ഷാ സമിതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

രക്ഷാ സമിതി വിഭജിക്കപ്പെടുന്നത് ഇതാദ്യമായല്ലെന്നും എന്നാല്‍ ഇത് മോശമാണെന്നും യു.എന്നിന്റെ നിസ്സഹായാവസ്ഥ അപകടകരമാണെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ആഗോള സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും നിയമ ലംഘനങ്ങളെ ചോദ്യം ചെയ്യേണ്ടതുമായ ഐക്യരാഷ്ട്ര സഭയുടെ പ്രാഥമിക സ്ഥാപനമായ രക്ഷാ സമിതിയില്‍ ഉണ്ടായിരിക്കുന്ന വിഭാഗീയത ആശങ്കാജനകമാണെന്നും അന്റോണിയോ ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.

ശീതയുദ്ധകാലത്ത് ഒന്നിലധികമുള്ള സൂപ്പര്‍ പവറുകളെ കൈകാര്യം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ യു.എന്നിന്റെ ഏജന്‍സികള്‍ ഇന്നത്തെ ബഹുധ്രുവലോകത്ത് മൗനത്തിലാണെന്നും ഗുട്ടറസ് വിമര്‍ശിച്ചു.

കൂടാതെ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ‘ഭാവിയുടെ ഉച്ചകോടി’ യിലേക്കുള്ള അവസരം ലോക നേതാക്കള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ പരിഷ്‌കരണത്തിനായി ലോക രാഷ്ട്രങ്ങള്‍ ആഹ്വാനം നടത്തുന്നതിനിടെയാണ് ഈ ഉച്ചകോടിക്ക് യു.എന്‍ നേതൃത്വം നല്‍കുന്നത്.

അതേസമയം ഗസയിലെ യുദ്ധം നഗരത്തിലെ തെക്കന്‍ നഗരമായ റഫയില്‍ കേന്ദ്രീകരിക്കാനുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉദ്ദേശ്യത്തില്‍ ഗുട്ടെറസ് കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ നിരുപാധികം മോചിപ്പിക്കേണ്ടതുണ്ടെന്നും അന്റോണിയോ ഗുട്ടെറസ് ഊന്നിപ്പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Antonio Guterres Against Sectarianism in UN Security Council