| Tuesday, 28th March 2023, 11:04 am

ടോട്ടന്‍ഹാമില്‍ നിന്ന് പുറത്തായതിന് ശേഷം ആദ്യമായി മനസുതുറന്ന് അന്റോണിയോ കോണ്ടെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോടന്‍ഹാം ഹോട്‌സ്പറിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അന്റോണിയോ കോണ്ടെ പുറത്തായിരുന്നു. വലിയ പ്രതീക്ഷയോടെ ക്ലബ്ബിലെത്തിച്ച കോണ്ടെയ്ക്ക് കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് 16 മാസത്തെ പരിശീനത്തിനൊടുവില്‍ കോണ്ടെയുടെ കസേര തെറിക്കുകയായിരുന്നു.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ടോടന്‍ഹാമിന്റെ ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവെക്കുകയായിരുന്നു കോണ്ടെ. ഫുട്‌ബോള്‍ ഒരു പാഷനാണെന്നും സ്പഴ്‌സില്‍ തന്റെ കൂടെ നിന്ന് വേണ്ട പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഫുട്‌ബോള്‍ ഒരു പാഷന്‍ ആണ്. എന്റെ അഭിനിവേശത്തെയും ഒരു കോച്ചെന്ന നിലയിലുള്ള എന്റെ ഫുട്‌ബോള്‍ ജീവിതത്തെയും അഭിനന്ദിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും പിന്തുണ നല്‍കുന്ന അഭിനന്ദിക്കുന്ന ആരാധകരോടാണ്, നിങ്ങളെന്റെ പേര് പാടുന്നത് കേള്‍ക്കുന്നത് അവിസ്മരണീയമാണ്.

ടോടന്‍ഹാമിലെ എന്റെ പരിശീലനം അവസാനിച്ചു. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര നിലച്ചു, ഭാവിയില്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു,’ കോണ്ടെ പറഞ്ഞു.

അതേസമയം, കോണ്ടെയ്ക്ക് പകരക്കാരനായി ജര്‍മന്‍ പരിശീലകന്‍ ജൂലിയന്‍ നഗല്‍സ്മാന്‍ ക്ലബ്ബിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണോടെ റയല്‍ മാഡ്രിഡ് വിടുന്ന കാര്‍ലോ ആന്‍സലോട്ടിക്ക് പകരക്കാരനായും നഗല്‍സ്മാനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021ല്‍ തന്നെ നഗല്‍സ്മാനെ ക്ലബ്ബിലെത്തിക്കാന്‍ ടോട്ടന്‍ഹാം ശ്രമം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം ബയേണ്‍ മ്യൂണിക്കിലേക്ക് പോകാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. എന്നിരുന്നാലും ഈ സീസണില്‍ നഗല്‍സ്മാന്‍ ടോട്ടന്നത്തിന്റെ രക്ഷകനായി എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlights: Antonio Conte talking after his exit in Tottenham Hotspur

We use cookies to give you the best possible experience. Learn more