ഇതൊരു ടീമല്ല, സ്വാര്‍ത്ഥതയോടെ കളത്തിലിറങ്ങുന്ന 11 വ്യക്തികള്‍ മാത്രമാണ്; ടോട്ടന്‍ഹാം താരങ്ങള്‍ക്കെതിരെ കോച്ച്
Football
ഇതൊരു ടീമല്ല, സ്വാര്‍ത്ഥതയോടെ കളത്തിലിറങ്ങുന്ന 11 വ്യക്തികള്‍ മാത്രമാണ്; ടോട്ടന്‍ഹാം താരങ്ങള്‍ക്കെതിരെ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th March 2023, 8:35 am

കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സൗതാംപ്ടണിനെതിരെ നടന്ന മത്സരത്തിന് ശേഷം ടോട്ടന്‍ഹാം ഹോട്‌സപര്‍ താരങ്ങള്‍ക്ക് നേരെ തിരിഞ്ഞ് കോച്ച് അന്റോണിയോ കോണ്ടെ. മത്സരത്തില്‍ ഇരുടീമുകളും 3-3ന്റെ സമനില വഴങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്ടെ രോഷാകുലനായി സംസാരിച്ചത്.

താരങ്ങള്‍ക്കിടയിലെ അച്ചടക്കമില്ലായ്മയാണ് ടീമിനെ വിജയത്തിലേക്ക് നയിക്കാത്തതെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്ക് മാത്രമാണ് താരങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം തുടരകയാണെങ്കില്‍ ഒരിക്കലും ക്ലബ്ബിന് ജയം നേടാന്‍ സാധിക്കില്ലെന്നും ഇതിന് മാറ്റം വരുത്തേണ്ടത് താരങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘കളത്തിലിറങ്ങുമ്പോള്‍ ഞങ്ങള്‍ ഒരു ടീം അല്ല, 11 വ്യക്തികള്‍ മാത്രമാണ്. മനസറിഞ്ഞ് കളിക്കാത്ത സ്വാര്‍ത്ഥരായ താരങ്ങളെയാണ് എനിക്ക് കാണാനാകുന്നത്. പരസ്പരം സഹായിക്കാന്‍ അവര്‍ ഒരിക്കലും തയാറല്ല. ക്ലബ്ബിനും കോച്ചിനുമാണ് എല്ലാ ഉത്തരവാദിത്തങ്ങളും. അപ്പോള്‍ കളിക്കാര്‍? അവരെന്താണ് ചെയ്യുന്നത്?

കുറ്റം പരിശീലകര്‍ക്കാണ്. ഇവിടെയുണ്ടായിരുന്ന എല്ലാ കോച്ചുമാരെയും കുറ്റപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വാസ്തവം അതല്ല. ഈ സാഹചര്യങ്ങള്‍ ഇനിയെങ്കിലും മാറേണ്ടതായിട്ടുണ്ട്.

കളിക്കാര്‍ ഇതുപോലെ തുടരുകയാണെങ്കില്‍ കോച്ചിനെ മാറ്റട്ടെ. ഒന്നല്ല, ഒരുപാട് കോച്ച് മാറി വരും, പക്ഷെ ഈ അവസ്ഥക്ക് മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത് മാറണമെങ്കില്‍ താരങ്ങള്‍ മനസ് വെക്കണം,’ കോണ്ടെ പറഞ്ഞു.

ഏപ്രില്‍ നാലിന് എവേര്‍ട്ടണിനെതിരെയാണ് ഹോട്‌സ്പറിന്റെ അടുത്ത മത്സരം.

Content Highlights: Antonio Conte slams Tottenham Hotspur players