| Friday, 30th September 2022, 8:04 pm

ഞാനോ അദ്ദേഹമോ അറിഞ്ഞിട്ടില്ല ഞങ്ങൾ ക്ലബ്ബ് മാറുന്ന കാര്യം; ഇല്ലാക്കഥ ഉണ്ടാക്കരുതെന്ന് ആന്റോണിയോ കോണ്ടെ

സ്പോര്‍ട്സ് ഡെസ്‌ക്

ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ പരിശീലകൻ ക്ലബ്ബ് വിടുമെന്നുള്ള വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹം ഇറ്റാലിയൻ ക്ലബ്ബ് യുവന്റിസിലേക്ക് തിരിച്ചു പോകുന്നു എന്നായിരുന്നു പ്രധാന ചർച്ച. എന്നാൽ അതിനെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടോട്ടനത്തിന്റെ സൂപ്പർ പരിശീലകൻ ആന്റോണിയോ കോണ്ടെ.

ഇറ്റാലിയൻ ക്ലബ്ബായ യുവെന്റസിന്റെ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയെ ഉടൻ പുറത്താക്കുമെന്നും പകരക്കാരനായി കോണ്ടെയെ പരിഗണിക്കുമെന്നുമുള്ള വാർത്തകൾ ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിശദീകരണവുമായി കോണ്ടെ രംഗത്തെത്തിയത്.

കേൾക്കുന്നത് വ്യാജ വാർത്തയാണെന്നും, ടോട്ടനത്തിന്റെ പരിശീലകനായ എനിക്കും യുവെന്റസ് പരിശീലകനായ അല്ലെഗ്രിയ്ക്കും ഈ വാർത്ത വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. താൻ ടോട്ടനത്തിൽ തന്നെ തുടരുമെന്നും ഇവിടെ വളരെയധികം സന്തോഷവാനാണെന്നും കോണ്ടെ കൂട്ടിച്ചേർത്തു.

അതേസമയം ചാമ്പ്യൻസ് ലീഗ് നടക്കുമ്പോൾ ടോട്ടൻഹാമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്ന് സ്ഥിരീകരിക്കാൻ അന്റോണിയോ കോണ്ടെ വിസമ്മതിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

മറ്റ് ആറ് ക്ലബ്ബകളുമായി കോണ്ടെ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും വിഷയത്തിൽ ടോട്ടന്നത്തിന്റെ ചെയർമാൻ ഡാനിയൽ ലെവി, മാനേജിങ് ഡയറക്ടർ ഫാബിയോ പാരാറ്റിസി എന്നിവരുമായി ചർച്ച ചെയ്യുമെന്നും വാർത്താ ഏജൻസിയായ ഇ.എസ്.പി.എൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു.

യുവെന്റസിന്റെ മുൻ പരിശീലകനായിരുന്നു കോണ്ടെ. 2011 മുതൽ 2014 വരെ കോണ്ടെ ഓൾഡ് ലേഡിയുടെ മാനേജരായി പ്രവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ക്ലബുമായി ഉടക്കി പിരിഞ്ഞ അന്റോണിയോ കോണ്ടെ ചെൽസിയിലേക്ക് എത്തുകയായിരുന്നു.

പിന്നീട് സീരി എയിൽ തന്നെ ഇന്റർ മിലാനിൽ പരിശീലക വേഷം അണിഞ്ഞ കോണ്ടെ കഴിഞ്ഞ നവംബറിലാണ് ടോട്ടനത്തിന്റെ പരിശീലകനായി സ്ഥാനമേറ്റത്. പുതിയ സീസണിൽ ടീമിന് മികച്ച തുടക്കം നൽകാൻ പരിശീലകന് സാധിച്ചിട്ടുണ്ട്.

Content Highlights: Antonio Conte refuses to confirm he’s staying at the club

We use cookies to give you the best possible experience. Learn more