പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പഴ്‌സ് വിജയിച്ചിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റുമായി നടന്ന ഏറ്റുമുട്ടലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പഴ്‌സിന്റെ ജയം. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ റിച്ചാര്‍ലിസണ്‍ നേരത്തെ ഉന്നയിച്ച വാദത്തിന് കോച്ച് അന്റോണിയോ കോണ്ടെ മറുവാദം നടത്തിയിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഈ സീസണില്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മത്സരത്തിനിടെ കോച്ച് തന്നെ തിരിച്ച് വിളിച്ചതിനെ കുറിച്ചുമൊക്കെ റിച്ചാര്‍ലിസണ്‍ സംസാരിച്ചിരുന്നു.
ഇതൊരു നശിച്ച സീസണ്‍ ആണെന്നും ചാമ്പ്യന്‍സ് ലീഗില്‍ എ.സി മിലാനെതിരെ നടന്ന മത്സരത്തില്‍ താന്‍ വിഢിയാക്കപ്പെട്ടിരുന്നെന്നുമായിരുന്നു റിച്ചാര്‍ലിസണിന്റെ വിമര്‍ശനം.
അതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോണ്ടെ. റിച്ചാര്‍ലിസണ്‍ തന്നെ കുറിച്ചല്ല വിമര്‍ശിച്ചതെന്നും ഈ സീസണിനെ കുറിച്ചാണ് പരാമര്‍ശിച്ചതെന്നും കോണ്ടെ പറഞ്ഞു.
അദ്ദേഹം ‘ഞാന്‍’ എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചതെന്നും ‘ഞങ്ങള്‍’ എന്ന് ഉപയോഗിക്കാത്തത് റിച്ചാര്‍ലിസണിന്റെ സ്വാര്‍ത്ഥത കൊണ്ടാണെന്നും കോണ്ടെ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും പറഞ്ഞ വാചകങ്ങള്‍ക്ക് റിച്ചാര്‍ലിസണ്‍ കുറ്റസമ്മതം നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ റിച്ചാര്‍ലിസണിന്റെ അഭിമുഖം കണ്ടിരുന്നു. അതില്‍ അവന്‍ എന്നെയല്ല വിമര്‍ശിക്കുന്നത്. ഈ സീസണ്‍ വളരെ മോശമാണെന്നാണ് അവന്‍ പറഞ്ഞത്. ശരിയാണ് അവന്റെ സീസണ്‍ അത്ര നല്ലതായിരുന്നില്ല.
അവന് പരിക്കുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഗോള്‍ നേടാന്‍ അവന് സാധിച്ചിട്ടില്ല. പക്ഷെ അവന്റെ സീസണ്‍ അവസാനിച്ചിട്ടില്ല. അവനിനിയും കളിക്കാന്‍ അവസരങ്ങളുണ്ട്.
പിന്നെ അവന്‍ സ്വാര്‍ത്ഥതയോടെ സംസാരിക്കുന്നത് കണ്ടു. ഞാന്‍, എന്റെ എന്നൊക്കെയാണ് പറയുന്നത്. ഞങ്ങളുടെ എന്ന് പറഞ്ഞ് തുടങ്ങിയാല്‍ മാത്രമെ ക്ലബ്ബിന് ജയിക്കാനാകൂ. അവിടെയാണ് പ്രശ്‌നമുദിക്കുന്നത്,’ കോണ്ടെ പറഞ്ഞു.
Content Highlights: Antonio Conte reacts to Richarlison