ഫുട്ബോളില്‍ താന്‍ നേരിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളി ആരാണെന്ന് പറഞ്ഞിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരമായ അന്റോണിയോ റൂഡിഗര്‍. അര്‍ജന്റൈന്‍ സൂപ്പര്‍താരം മെസിയേക്കാള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടിനെ നേരിടുമ്പോഴാണ് താന്‍ പ്രതിരോധത്തില്‍ കൂടുതല്‍ സമ്മര്‍ദത്തിലായതെന്നാണ് റൂഡിഗര്‍ പറഞ്ഞത്. ഗോളിന് നല്‍കിയ അഭിമുഖത്തതില്‍ സംസാരിക്കുകയായിരുന്നു റൂഡിഗര്‍.
‘കളിക്കളത്തില്‍ കടുത്ത എതിരാളികളെ പ്രതിരോധിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാലണ്ടിനെ പ്രതിരോധിക്കുക എന്നുള്ളത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം അവന് നല്ല ഉയരമുണ്ട് അതുകൊണ്ടുതന്നെ കളിക്കളത്തില്‍ ഉയരമുള്ള കളിക്കാര്‍ക്കെതിരെ ഡിഫന്‍ഡ് ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. എന്നാല്‍ മെസിയെ പോലുള്ള താരങ്ങളെ പ്രതിരോധിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വലിയ ഉയരമുള്ള താരങ്ങള്‍ക്കെതിരെ കളിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം,’ റൂഡിഗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2022 യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലായിരുന്നു റൂഡിഗറും ഹാലണ്ടും മുഖാമുഖം വന്നത്. റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദിന്റെ മണ്ണില്‍ 4-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
ഏര്‍ലിങ് ഹാലണ്ട് ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും 2022ലാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ സിറ്റിയുടെ മുന്നേറ്റനിരയില്‍ ഗോളടിച്ചുകൂട്ടികൊണ്ട് താരം മിന്നും ഫോമിലാണ് ഇതിനോടകം തന്നെ കളിച്ചിട്ടുള്ളത്.
കൃത്യമായ വേഗത കൊണ്ട് എതിര്‍ പ്രതിരോധങ്ങളെ മറികടന്നുകൊണ്ട് കൃത്യമായി ലക്ഷ്യം കാണാനുള്ള കഴിവാണ് നോര്‍വീജിയന്‍ താരത്തെ വ്യത്യസ്തനാക്കുന്നത്.
അതേസമയം ഇന്ന് നടക്കുന്ന സൂപ്പര്‍ കപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് റയല്‍ മാഡ്രിഡ്. യൂറോപ്പ് ലീഗ് ജേതാക്കളായ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാണ്ടയാണ് റയലിന്റെ എതിരാളികള്‍. ഈ സീസണിലും കാര്‍ലോ ആന്‍സലോട്ടിയുടെ ടീമിലെ സ്ഥിരസാന്നിധ്യമാണ് റൂഡിഗര്‍.
കഴിഞ്ഞവര്‍ഷം അവസാനം ഡേവിഡ് അലാബ പരിക്കേറ്റു പുറത്തായാല്‍ നിലവില്‍ മൂന്ന് സെന്റര്‍ ബാക്ക് ഓപ്ഷനുകള്‍ മാത്രമേ ലോസ് ബ്ലാങ്കോസിന് ഉള്ളൂ. റൂഡിഗറിന് പുറമെ എഡര്‍ മിലിറ്റാവോ, ജീസസ് വല്ലെജൊ എന്നീ താരങ്ങളുമാണ് റയലിന്റെ മറ്റ് ഓപ്ഷനുകള്‍.
Content Highlight: Antonie Rudiger Talks About Toughest Player He Faced in His Carrier