അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് വലിയ സ്വപ്നമാണെന്നും അതിനായി എം.എല്‍.എസ് ലീഗിലേക്ക് നീങ്ങുമെന്നും ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍. നിലവില്‍ അത്ലെറ്റികോ മാഡ്രിഡിനായി കളിക്കുന്ന താരം ബാഴ്സലോണയില്‍ മെസിക്കൊപ്പം ബൂട്ടുകെട്ടിയിരുന്നു. ഫ്രാന്‍സിന്റെ യൂറോ യോഗ്യതാ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘അതെന്റെ വലിയ സ്വപ്നമാണ്. ഞാന്‍ എം.എല്‍.എസില്‍ പോകുമ്പോള്‍ അത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഭാവിയില്‍ അത്തരത്തിലൊരു നീക്കം ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗ്രീസ്മാന്‍ പറഞ്ഞു. ലയണല്‍ മെസിയെ പോലെ കഴിവ് തെളിയിച്ച ഒരു താരത്തെ കളിക്കാന്‍ ലഭിച്ചത് എം.എല്‍.എസിന്റെ യശസുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മേജര്‍ സോക്കര്‍ ലീഗായ ഇന്റര്‍ മിയാമിയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ജൂലൈ 21ന് അരങ്ങേറ്റ മത്സരം കളിക്കും. ടീമിന്റെ ഹോം മത്സരത്തിലാണ് താരത്തെ ആദ്യമായി അവതരിപ്പിക്കുകയെന്ന് ടീം ഉടമ ജോര്‍ജി മാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മെസി ഇന്റര്‍ മിയാമിയില്‍ ചേരുമെന്നറിഞ്ഞതോടെ വലിയ രീതിയിലുള്ള ആരാധക പിന്തുണയാണ് അമേരിക്കന്‍ ക്ലബ്ബിന് ലഭിക്കുന്നത്. മിയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പിങ്ക് സ്റ്റേഡിയത്തില്‍ 3000 ഇരിപ്പിടങ്ങള്‍ കൂടി ക്രമീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗാലറിയില്‍ 22000ത്തോളം കാണികളെ ഉള്‍ക്കൊള്ളാനാകും.
ജൂലൈയില്‍ അമേരിക്കന്‍ ക്ലബ്ബിന്റെ ജേഴ്‌സിയണിയുന്ന താരം പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണലുമായി ഏറ്റുമുട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന മാസം ആഴ്‌സണല്‍ തങ്ങളുടെ പ്രീ സീസണില്‍ എ.എസ്. മൊണാക്കോ, എഫ്.സി നേണ്‍ബര്‍ഗ്, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എം.എല്‍.എസ്. ഓള്‍ സ്റ്റാര്‍സ് എന്നീ ക്ലബ്ബുകളായി ഏറ്റുമുട്ടും.
വെയ്ന്‍ റൂണി മാനേജ് ചെയ്യുന്ന എം.എല്‍.എസ് ഓള്‍ സ്റ്റാഴ്‌സ് ജൂലൈ 20ന് വാഷിങ്ടണ്‍ ഡി.സിയില്‍ ആഴ്‌സണലുമായി ഏറ്റുമുട്ടും. മെസിയും ടീമിന്റെ ഭാഗമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.