ഫ്രഞ്ച് ദേശീയ ടീമിലെ സൂപ്പർ താരമാണ് പി. എസ്.ജിയുടെ മുന്നേറ്റ നിര താരമായ കിലിയൻ എംബാപ്പെ. യുവതാരത്തിന്റെ മികവിലാണ് ഫ്രാൻസ് 2018 ഫുട്ബോൾ ലോകകപ്പിൽ മുത്തമിട്ടതും, 2022 ഫുട്ബോൾ ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് ആയതും.
ഖത്തർ ലോകകപ്പിൽ എട്ട് ഗോളുകൾ സ്കോർ ചെയ്ത് ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതും എംബാപ്പെയായിരുന്നു.
എന്നാൽ താരത്തെ ഫ്രാൻസിന്റെ ദേശീയ ടീമിന്റെ ക്യാപ്റ്റനായി നിയമിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് പരിശീലകൻ ദിദിയൻ ദെഷാംപ്സ് എന്നാണ് റിപ്പോർട്ടുകൾ. ഹ്യൂഗോ ലോറിസിന്റെ വിരമിക്കലിന് ശേഷമാണ് എംബാപ്പെയെ ഫ്രാൻസിന്റെ ക്യാപ്റ്റനാക്കി നിയമിക്കാൻ ദെഷാംപ്സ് തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ എംബാപ്പെയെ അടുത്ത ക്യാപ്റ്റനാക്കുന്നതിനോട് ഫ്രഞ്ച് മുന്നേറ്റ നിര താരമായ അന്റോണിയോ ഗ്രീസ്മാന് ഇഷ്ടക്കേടും പ്രയാസവുമുണ്ടായെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ലെ ഫിഗാറോയാണ് ഫ്രാൻസ് ദേശീയ ടീമിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
മത്സരപരിചയക്കൂടുതലും ദേശീയടീമിനുള്ളിലെ രീതികളുമായി പരിചയവുമുള്ള തന്നെ ഒഴിവാക്കി എംബാപ്പെയെ ക്യാപ്റ്റനാക്കുന്നതിലാണ് ഗ്രീസ്മാന് പ്രയാസമുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം 117 മത്സരങ്ങളിൽ നിന്നും 42 ഗോളുകളും 36 അസിസ്റ്റുകളുമാണ് ഗ്രീസ്മാന്റെ സമ്പാദ്യം.