| Friday, 15th December 2023, 3:21 pm

മെസിക്കൊപ്പം ഗ്രീസ്മാന്‍ ഭാവിയില്‍ എം.എല്‍.എസ്സില്‍ കളിക്കുമോ? മനസ് തുറന്ന്‌ ഫ്രഞ്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ തന്റെ ഭാവിയെകുറിച്ച് സംസാരിച്ചിരിക്കുകയാണ് അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍.

മേജര്‍ ലീഗ് സോക്കറില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അത്‌ലെറ്റിക്കോ മാഡ്രിഡ് യൂറോപ്പിലെ തന്റെ അവസാന ക്ലബ്ബ് ആയിരിക്കുമെന്നുമാണ് ഗ്രീസ്മാന്‍ പറഞ്ഞത്.

‘അത്‌ലെറ്റിക്കോ മാഡ്രിഡ് യൂറോപ്പിലെ എന്റെ അവസാന ക്ലബ്ബ് ആവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പിന്നീട് ഇവിടെനിന്നും പോയി മറ്റെവിടെയെങ്കിലും കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിലവില്‍ എനിക്ക് അത്ലറ്റികോ മാഡ്രിഡിനൊപ്പം തുടരണം. കാരണം എന്റെ ടീമിന് ഇപ്പോള്‍ എന്നെ വളരെയധികം അത്യാവശ്യമാണ്. ഞാന്‍ നിലവില്‍ ടീമിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ടീമില്‍ തുടരാന്‍ ഇനിയും അവസരം ഉണ്ടോ എന്ന് നോക്കണം. ഭാവിയില്‍ അത് കണ്ടു തന്നെ അറിയണം,’ ഗ്രീസ്മാന്‍ ചാമ്പ്യന്‍സ് ലീഗില്‍ ലാസിയോക്കെതിരായ വിജയത്തിന് ശേഷം പറഞ്ഞു.

2014ല്‍ അത്‌ലെറ്റിക്കോ മാഡ്രിഡില്‍ അരങ്ങേറ്റം കുറിച്ച ഗ്രീസ്മാന്‍ ഈ സീസണില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണില്‍ സ്പാനിഷ് ക്ലബ്ബിനൊപ്പം 14 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഫ്രഞ്ച് സൂപ്പര്‍ താരം സ്വന്തം പേരിലാക്കിയിട്ടുള്ളത്.

അത്‌ലെറ്റിക്കോ മാഡ്രിഡിനൊപ്പമുള്ള ഗ്രീസ്മാന്റെ കരാര്‍ 2026ലാണ് അവസാനിക്കുക. ആ സമയത്ത് ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് 35 വയസായി മാറും. അതിന് ശേഷം ഗ്രീസ്മാന്‍ എം.എല്‍.എസ്സിലേക്ക് ചേക്കേറുമോ എന്ന് കണ്ടുതന്നെ അറിയണം.

അതേസമയം അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി ഈ സീസണില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മെസിയുടെ വരവോടുകൂടി അമേരിക്കന്‍ ഫുട്‌ബോളിന് കൃത്യമായ ഒരു മേൽല്‍വിലാസം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. പല വമ്പന്‍ താരങ്ങളും ആരാധകരും എം.എല്‍.എസ് ഫുട്‌ബോളിന് വളരെയധികം സ്വീകാര്യത നല്‍കിയിരുന്നു.

Content Highlight: Antoine Griezmann talks his future in football.

We use cookies to give you the best possible experience. Learn more