ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് സെല്‍റ്റാ വിഗോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
മത്സരത്തില്‍ ഫ്രഞ്ച് സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്റെ ഹാട്രിക്കിന്റെ മികവിലായിരുന്നു അത്ലറ്റികോ മിന്നും വിജയം സ്വന്തമാക്കിയത്. 29, 64, 70 എന്നീ മിനിട്ടുകളിലായിരുന്നു ഫ്രഞ്ച് താരത്തിന്റ ഗോളുകള്‍.
സെല്‍റ്റ വിഗോയുടെ ഹോം ഗ്രൗണ്ടായ ബലാഡിയോസില്‍ നടന്ന മത്സരത്തില്‍ 29ാം മിനിട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചുകൊണ്ടാണ് ഗ്രിസ് മാന്‍ ആദ്യ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ 64ാം മിനിട്ടില്‍ ആയിരുന്നു ഗ്രീസ്മാന്റെ രണ്ടാം ഗോള്‍. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു. 70ാം മിനിട്ടില്‍ വീണ്ടും ഗ്രീസ്മാന്‍ സെല്‍റ്റയുടെ പോസ്റ്റില്‍ പന്തെത്തിച്ചതോടെ താരം അവിസ്മരണീയമായ ഹാട്രിക് നേടുകയായിരുന്നു.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-0ത്തിന് മാഡ്രിഡ് വിജയിക്കുകയായിരുന്നു.
അത്ലറ്റികോ മാഡ്രിഡിന് വേണ്ടി എട്ട് ഗോളുകള്‍ കൂടി നേടാനായാല്‍ സ്പാനിഷ് ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് സ്‌കോറര്‍ പദവിയിലെത്താന്‍ ഫ്രഞ്ച് സൂപ്പര്‍ താരത്തിന് സാധിക്കും. 165 ഗോളുകളാണ് ഗ്രീസ്മാന്‍ മാഡ്രിഡിനായി നേടിയിട്ടുള്ളത്.
173 ഗോളുകളുമായി സ്പാനിഷ് താരം ലൂയിസ് അരങ്കനോസ് ആണ് നിലവിലെ അത്ലറ്റികോയുടെ ടോപ്പ് സ്‌കോറര്‍. 169 ഗോളുകളുമായി സ്‌പെയിന്‍ താരം അഡ്രിയാന്‍ എസ്‌കുഡെരോ ആണ് രണ്ടാം സ്ഥാനത്ത്.
2014ലാണ് അന്റോണിയോ ഗ്രീസ്മാന്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡില്‍ എത്തുന്നത്. ഇടക്കാലത്ത് ബാഴ്സലോണയിലേക്ക് താരം പോയെങ്കിലും വീണ്ടും പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
നിലവില്‍ ലാ ലിഗയില്‍ പത്ത് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം 22 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്.
ഒക്ടോബര്‍ 26ന് ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെതിരെയാണ് അത്ലറ്റികോയുടെ അടുത്ത മത്സരം.
Content Highlight: Antoine Griezmann scored a hatric and Athtletco Madrid won.