ഇത്തവണ ബാലണ്‍ ഡി ഓര്‍ മെസിക്ക്; കാരണം തുറന്നുപറഞ്ഞ് ഫ്രഞ്ച് സൂപ്പര്‍ താരം
ഇത്തവണ ആര് ബാലണ്‍ ഡി ഓര്‍ നേടുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. പുരസ്‌കാരത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ 30 താരങ്ങളാണുള്ളത്. മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.
അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
എന്നാല്‍ ഹാലണ്ടിന് ബാലണ്‍ ഡി ഓര്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നും ഇതൊരു വേള്‍ഡ് കപ്പ് ഇയറാണെന്നും ഓര്‍മപ്പെടുത്തിയിരിക്കുകയാണ് ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍.
ഹാലണ്ടിന് മികച്ച സീസണായിരുന്നെന്നും എന്നാല്‍ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കോ കിലിയന്‍ എംബാപ്പെക്കോ ബാലണ്‍ ഡി ഓര്‍ ലഭിക്കാനാണ് സാധ്യതയെന്നാണ് ഗ്രീസ്മാന്‍ പറഞ്ഞത്. ആല്‍ബിസെലസ്റ്റ് ടോക്കിനോട് സംസാരിക്കുകയായിരുന്നു ഗ്രീസ്മാന്‍.
‘ബാലണ്‍ ഡി ഓര്‍ ആര് നേടും? ഞാന്‍? ചിലപ്പോള്‍ എനിക്കായിരിക്കും. ഞാനും ബാലണ്‍ ഡി ഓറിന് നോമിനേറ്റഡ് ആണ് (ചിരി).
ഞാന്‍ അല്ലെങ്കില്‍ പിന്നെ മെസിയോ എംബാപ്പെയോ. ഹാലണ്ടിന് മികച്ച സീസണായിരുന്നു. പക്ഷെ ഇതൊരു വേള്‍ഡ് കപ്പ് ഇയര്‍ കൂടിയാണ്,’ ഗ്രീസ്മാന്‍ പറഞ്ഞു.
ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.
Content Highlights: Antoine Griezmann predicts Lionel Messi win Ballon d’Or