| Monday, 30th September 2024, 4:16 pm

യുഗാന്ത്യം.....ഫ്രഞ്ച് ഇതിഹാസം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു; കണ്ണീരോടെ ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഫ്രഞ്ച് താരം തന്റെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.

ഫ്രാൻസ് ഫുട്‌ബോളിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ഗ്രീസ്മാന്‍. ഫ്രാന്‍സിനായി 2024ല്‍ അരങ്ങേറ്റം കുറിച്ച ഗ്രീസ്മാന്‍ നീണ്ട പത്തു വര്‍ഷക്കാലം ഐതിഹാസികമായ ഒരു ഫുട്‌ബോള്‍ കരിയറാണ് ദേശീയ ടീമിനായി നടത്തിയത്.

ഫ്രാന്‍സിനായി 137 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഗ്രീസ്മാന്‍ 44 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. 38 തവണ സഹതാരങ്ങളേകൊണ്ട് ഗോളടിപ്പിക്കാനും ഗ്രീസ്മാന് സാധിച്ചു.

ഫ്രാന്‍സിനൊപ്പം 2022 ഫിഫ ലോകകപ്പ്, 2012 യുവേഫ നേഷന്‍സ് ലീഗ് എന്നീ കിരീടങ്ങള്‍ ഗ്രീസ്മാന്‍ നേടിയിട്ടുണ്ട്. ആ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഗ്രീസ്മാന്‍ കാഴ്ചവെച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ടാണ് ഗ്രീസ്മാന്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ പങ്കാളിയായത്.

2016 യൂറോകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനും ഗ്രീസ്മാന് സാധിച്ചിട്ടുണ്ട്. ആ ടൂര്‍ണമെന്റില്‍ ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ടാണ് ഫ്രഞ്ച് സൂപ്പര്‍താരം കളംനിറഞ്ഞു കളിച്ചത്. ഗ്രീസ്മാന്റെ ചുമലിലായിരുന്നു ഫ്രഞ്ച് പട 2016 യൂറോപ്യന്‍ കപ്പിന്റെ ഫൈനല്‍ വരെ എത്തിയത്.

എന്നാല്‍ ഫൈനലില്‍ പോർച്ചുഗലിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് ഫ്രാന്‍സിന് കിരീടം നഷ്ടമാവുകയായിരുന്നു. ആ വര്ഷം ഫ്രാന്‍സ് ഫുട്‌ബോളര്‍ ഓഫ് ദി ഇയറായും ഗ്രീസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അടുത്തിടെ അവസാനിച്ച യൂറോകപ്പിലും ഗ്രീസ്മാന്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ചുകൊണ്ട് കളിച്ചത്. എന്നാല്‍ ഫ്രാന്‍സിന് സെമി ഫൈനല്‍ വരെ ഏതാണ്ട് സാധിച്ചുള്ളൂ. സെമിയില്‍ യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് ഫ്രഞ്ച് പടക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

യുവേഫ നേഷന്‍സ് ലീഗിലാണ് താരം ഫ്രാന്‍സിനായി അവസാനമായി ബൂട്ട് കെട്ടിയത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇറ്റലിയോട് 3-1ന് പരാജയപ്പെട്ട ഫ്രാന്‍സ് ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സ് തിരിച്ചുവരികയായിരുന്നു.

അന്താരാഷ്ര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും ഗ്രീസ്മാന്‍ ക്ലബ്ബ് തലത്തില്‍ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി കളിക്കും. നിലവില്‍ ലാ ലീഗയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും നാല് വീതം വിജയവും തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് അത്‌ലറ്റികോ മാഡ്രിഡ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ മൂന്നിന് പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനിഫിക്കക്കെതിരെയാണ് സ്പാനിഷ് വമ്പന്മാരുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ ലിസ്ബാവോ ഇ ബെനിഫിക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Antoine Griezmann Has Retired From International Football

We use cookies to give you the best possible experience. Learn more