| Friday, 18th August 2023, 4:22 pm

ലയണല്‍ മെസി അമേരിക്കന്‍ ഫുട്‌ബോളിന്റെ മുഖമായി മാറും: ഫ്രഞ്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നും അദ്ദേഹത്തിന് അമേരിക്കന്‍ ഫുട്‌ബോളിന്റെ മുഖമായി മാറാന്‍ കഴിയുമെന്നും ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍. വിരമിക്കുന്നതിന് മുമ്പ് മെസിക്കൊപ്പം കളിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ഗ്രീസ്മാന്‍ പറഞ്ഞു.

‘ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസി. അദ്ദേഹം കളിക്കുമ്പോള്‍ സ്‌റ്റേഡിയം ആളുകളെ കൊണ്ട് നിറഞ്ഞൊഴുകും. മെസി സ്‌റ്റേറ്റ്‌സില്‍ എത്തിയതിന് ശേഷം എല്ലാം മാച്ചിലും ജയിക്കുന്നുണ്ട്. ഇന്റര്‍ മയാമി ഇപ്പോള്‍ നാഷ്‌വില്ലിനെതിരെ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ്. അദ്ദേഹം അസാധ്യ കളിക്കാരനാണ്. എം.എല്‍.എസ് ലീഗ് തങ്ങളുടെ പുരോഗമനത്തിന് വേണ്ടി ചെയ്ത ഏറ്റവും വലിയ കാര്യം മെസിയെ സൈന്‍ ചെയ്തു എന്നുള്ളതാണ്. അദ്ദേഹത്തിന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ മുഖമായി മാറാന്‍ സാധിക്കും,’ ഗ്രീസ്മാന്‍ പറഞ്ഞു.

ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് വലിയ സ്വപ്നമാണെന്നും അതിനായി എം.എല്‍.എസ് ലീഗിലേക്ക് നീങ്ങുമെന്നും ഗ്രീസ്മാന്‍ മുമ്പും പറഞ്ഞിരുന്നു. നിലവില്‍ അത്ലെറ്റികോ മാഡ്രിഡിനായി കളിക്കുന്ന താരം ബാഴ്സലോണയില്‍ മെസിക്കൊപ്പം ബൂട്ടുകെട്ടിയിരുന്നു.

‘അതെന്റെ വലിയ സ്വപ്നമാണ്. ഞാന്‍ എം.എല്‍.എസില്‍ പോകുമ്പോള്‍ അത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഭാവിയില്‍ അത്തരത്തിലൊരു നീക്കം ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗ്രീസ്മാന്‍ പറഞ്ഞു.

ലയണല്‍ മെസിയെ പോലെ കഴിവ് തെളിയിച്ച ഒരു താരത്തെ കളിക്കാന്‍ ലഭിച്ചത് എം.എല്‍.എസിന്റെ യശസുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മയാമി വിജയിച്ചിരുന്നു. ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ ജയം.

മയാമിക്കായി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ മെസി അക്കൗണ്ടിലാക്കി കഴിഞ്ഞു. ഫൈനലിലെത്തിയതോടെ മയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.

ലീഗ്‌സ് കപ്പിന്റെ ടോപ്പ് സ്‌കോറര്‍ നിലവില്‍ ലയണല്‍ മെസിയാണ്. ഒമ്പത് ഗോളുകളുമായി മെസി ഒന്നാം സ്ഥാനത്താണ്. അമേരിക്കന്‍ ലീഗില്‍ ലയണല്‍ മെസിയുടെ ആദ്യ ടൂര്‍ണമെന്റാണ് ലീഗ്‌സ് കപ്പ്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെസി ഇന്റര്‍ മയാമിയെ ലീഗ്‌സ് കപ്പ് ജേതാക്കളാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: Antoine Greizmann praises Lionel Messi

Latest Stories

We use cookies to give you the best possible experience. Learn more