പുല്‍വാമ ആക്രമണം കേന്ദ്ര സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സൃഷ്ടി; പാകിസ്താന് അതില്‍ പങ്കില്ല; ആന്റോ ആന്റണി
India
പുല്‍വാമ ആക്രമണം കേന്ദ്ര സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സൃഷ്ടി; പാകിസ്താന് അതില്‍ പങ്കില്ല; ആന്റോ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2024, 5:09 pm

തിരുവനന്തപുരം: പുല്‍വാമ ആക്രമണത്തില്‍ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആന്റോ ആന്റണി എം.പി. ജവാന്‍മാരുടെ ജീവന്‍ ബലി കൊടുത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ 42 ജവാന്‍മാരുടെ ജീവന്‍ ബലി കൊടുത്താണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചത്. ഇന്ത്യക്കകത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. അതില്‍ പാകിസ്താന് എന്ത് പങ്ക് ഉണ്ടാകാനാണെന്നും ആന്റോ ആന്റണി ചോദിച്ചു.

ജവാന്‍മാരുടെ യാത്രക്ക് വേണ്ടി ഹെലികോപ്റ്റര്‍ ആവശ്യമുണ്ടെന്നും റോഡ് മാര്‍ഗം പോകുന്നത് അപകടകരമാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടും അതില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം അവരെ റോഡ് മാര്‍ഗം അയച്ചതാണ് മരണത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

ജവാന്‍മാരെ റോഡ് മാര്‍ഗം കൊണ്ടു പോയതില്‍ വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് അന്നത്തെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെ പറഞ്ഞിരുന്നെന്നും ആന്റോ ആന്റണി വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് സത്യപാല്‍ മാലിക്കും രംഗത്തെത്തിയിരുന്നു. സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതിനോടൊപ്പം തന്നെ പുല്‍വാമ സ്‌ഫോടനത്തില്‍ പാകിസ്താന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: anto antony against bjp on pulvama attack