| Sunday, 24th November 2019, 8:13 am

സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി വെനമുണ്ട്; ചികിത്സിക്കാന്‍ സംവിധാനമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വയനാട് സര്‍വ്വജന സ്‌കൂളിലെ ഷെഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധമുയരുന്നതിനിടെ ആശുപത്രികളില്‍ ആന്റിവെനം സൂക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിക്ക് ആന്റി വെനം നല്‍കിയില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റിവെനമുണ്ടെന്നും ചികിത്സിക്കാനുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നും മാധ്യമം പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രളയത്തെ തുടര്‍ന്ന് ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും പാമ്പുകടിയേറ്റാല്‍ നല്‍കേണ്ട ആന്റി വെനം സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇവിടങ്ങളിലൊന്നും പാമ്പുകടിയേറ്റ് ആരെങ്കിലും വന്നാലും ആന്റിവെനം നല്‍കാറില്ല. ആന്റിവെനം കുത്തിവെച്ചു കഴിഞ്ഞാല്‍ ശരീരത്തിലുണ്ടാവുന്ന പ്രതികരണങ്ങളെ നിരീക്ഷിച്ച് വേണ്ട ചികിത്സ നല്‍കാന്‍ ഐ.സി.യു ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് ആന്റിവെനം നല്‍കാത്തതിനു കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

താലൂക്ക് ആശുപത്രികളില്‍ വരെ ആന്റി വെനം സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ചികിത്സ ലഭിക്കണമെങ്കില്‍ ഗവ. മെഡിക്കല്‍ കൊളേജ്, മാഹി ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് വടകര താലൂക്കിലുള്ള ആളുകള്‍ ചികിത്സയ്ക്ക് വരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രളയ സമയത്താണ് താലൂക്ക് നിലവാരത്തിലുള്ള എല്ലാ ആശുപത്രികളിലും ആന്റിവെനം നല്‍കാന്‍ തീരുമാനമായത്. എന്നാല്‍ വേണ്ട വിധം ചികിത്സിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ ജില്ലാ ആശുപത്രികളില്‍ നിന്നും കാലാവധി തീരുന്നതിനു മുമ്പ് മരുന്ന് മെഡിക്കല്‍ കൊളേജിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാമ്പുകടിയേറ്റ ഒരാള്‍ക്ക് 10 കുപ്പി ആന്റി വെനം നല്‍കേണ്ടി വരും. മിക്ക ആശുപത്രികളിലും നാല്‍പതു കുപ്പി വരെ സ്റ്റോക്ക് ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more