തിരുവനന്തപുരം: കാലവര്‍ഷം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നും സംസ്ഥാനം കരകയറിവരികയാണ്. മഴ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി സുരക്ഷാസേനയും രക്ഷാപ്രവര്‍ത്തകരും മുന്‍നിരയില്‍ തന്നെയുണ്ട്.
പ്രളയം സൃഷ്ടിച്ച കനത്ത ആഘാതത്തില്‍ നിന്ന് ജനം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. പൂര്‍ണ്ണമായി വെള്ളത്തിലായ വീടുകളെ വൃത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇനി ദുരിതാശ്വാസ പ്രവര്‍ത്തകരുടെ മുന്നിലുള്ള ദൗത്യം.
വെള്ളക്കെട്ടൊഴിയുന്നതോടെ പരിസര ശൂചീകരണം പ്രളയബാധിതപ്രദേശങ്ങളില്‍ വലിയവെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ശുചീകരണ വസ്തുക്കളായ ബ്ലീച്ചിംഗ് പൗഡര്‍ ഡെറ്റോള്‍ എന്നിവയാണ് ഇനി ആവശ്യം.
ഇത്തരം അവശ്യ വസ്തുക്കളുടെ ശേഖരണത്തിനായി രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വീടുകളിലേക്ക് തിരിച്ച് പോകാന്‍ നില്‍ക്കുന്ന ക്യാംപിലുള്ളവര്‍ക്ക് ശൂചീകരണത്തിനായി വേണ്ട വസ്തുക്കളുടെ ലിസ്റ്റാണ് ഇത്.
കോളേജ് വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരടക്കമുള്ളവര്‍ ശൂചീകരണ വസ്തുക്കളുടെ ശേഖരണത്തിനായി മുന്നോട്ടിറങ്ങിയിട്ടുണ്ട്.
അതേസമയം പ്രളയക്കെടുതിയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇനി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.