Advertisement
national news
'ഈ രാജ്യദ്രോഹിയായ നായയെ ഉടന്‍ അറസ്റ്റ് ചെയ്യുക,'; അര്‍ണബ് ഗോസ്വാമിക്കെതിരെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ആന്റി നാഷണല്‍ ബി.ജെ.പി അര്‍ണബ് ഹാഷ് ടാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 17, 10:15 am
Sunday, 17th January 2021, 3:45 pm

 

ന്യൂദല്‍ഹി: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ അര്‍ണബിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ അര്‍ണബിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നിയമ വാഴ്ചയുള്ള ഏത് രാജ്യത്തായാലും ദീര്‍ഘകാലം അര്‍ണബ് ജയിലില്‍ കിടക്കുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഇപ്പോള്‍ അര്‍ണബിനെതിരെ ട്വിറ്ററില്‍  AntiNationalBJPArnab എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തിന് അറിയണം ഏത് രാജ്യദ്രോഹിയാണ് ബാലക്കോട്ട് സ്‌ട്രൈക്കിനെക്കുറിച്ച് മുന്‍കൂട്ടി അര്‍ണബിനോട് പറഞ്ഞതെന്നാണ് AntiNationalBJPArnab എന്ന ഹാഷ്ടാഗില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്. രാജ്യ സുരക്ഷയെക്കാള്‍ വലുതാണോ ടി.ആര്‍.പി എന്ന് ട്രൈബല്‍ ആര്‍മി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അര്‍ണബിന് ബാലക്കോട്ട് സ്‌ട്രൈക്കിനെക്കുറിച്ച് വിവരം നേരത്തെ എത്തിച്ചതെന്നാണ് മറ്റൊരു ട്വീറ്റ്.

ഒരു സ്വകാര്യ വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങളെക്കുറിച്ച് അറിയാനും അത് വാട്‌സ് ആപ്പിലൂടെ പങ്കിടാനും കഴിയുന്നത്? ആരാണ് അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയത്? യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇങ്ങനെ ഒരു ലക്ഷത്തിനടുത്തോളം ട്വീറ്റുകളാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ വന്നിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.

അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

പുല്‍വാമ ആക്രമണത്തില്‍ വലിയ ആഹ്ലാദപ്രകടനം നടത്തുന്ന റിപ്പബ്ലിക്ക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Antinationalbjparnab Trending In Twitter