| Wednesday, 14th February 2024, 1:47 pm

രവി പദ്മനാഭന്‍, അജിത് മേനോന്‍, ആദി... ഗിരീഷ് വലിച്ചുകീറുന്ന പൊയ്മുഖങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയുമായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന തമാശകള്‍ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ ഈ സിനിമയിലൂടെ സംവിധായകന്‍ ഗിരീഷ് എ.ഡിക്ക് സാധിച്ചു. സംവിധായകന്റെ രണ്ടാമത്തെ സിനിമയില്‍ മലയാളത്തില്‍ അതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ജീവിതം സ്‌ക്രീനില്‍ കാണിച്ചു. അതിനോടൊപ്പം ഒരു സാധാരണ പെണ്‍കുട്ടിയുടെ കോളേജ് ജീവിതവും സൂപ്പര്‍ ശരണ്യയിലൂടെ ഗിരീഷ് അവതരിപ്പിച്ചു. മൂന്നാമത്തെ സിനിമയായ പ്രേമലു, ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ നിന്ന് വന്ന പെര്‍ഫെക്ട് റോംകോം എന്റര്‍ടൈനറാണെന്ന് പറയാനാകും.

എന്നാല്‍ ഈ മൂന്ന് സിനികളിലും കേന്ദ്രകഥാപാത്രത്തിനോടൊപ്പമോ അല്ലെങ്കില്‍ അവര്‍ക്ക് മുകളിലോ നില്‍ക്കുന്ന ആന്റിഹീറോ കഥാപാത്രത്തെയും ഗിരീഷ് സൃഷ്ടിച്ചിട്ടുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ രവി പദ്മനാഭന്‍, സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന്‍, പ്രേമലുവിലെ ആദി ഇവരൊക്കെ ഗിരീഷിന്റെ മികച്ച കഥാപാത്രസൃഷ്ടികളാണ്. ഈ കഥാപാത്രങ്ങള്‍ക്കുള്ള പ്രത്യേകത എന്താണെന്ന് വെച്ചാല്‍ സമൂഹത്തില്‍ ഒരുവിഭാഗം ആളുകള്‍ വലിയ സംഭവമായി കാണുന്ന പ്രത്യേകവിഭാഗം ആളുകളുടെ നെഗറ്റീവ് വശം കാണിക്കുന്നു എന്നതാണ്.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ രവി പദ്മനാഭന്‍ എന്ന അധ്യാപകന്റെ ആദ്യക്ലാസില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ഇഷ്ടം പിടിച്ചുപറ്റുന്ന ഒരാളാണ്. കഥ പറഞ്ഞും പാട്ട് പാടിയും ആദ്യ ദിവസത്തെ ക്ലാസ് എടുക്കുന്ന രവി സാറിനെ ആദ്യ ക്ലാസില്‍ തന്നെ നായകനായ ജെയ്‌സണ്‍ കളിയാക്കുന്നുണ്ട്. ഇത് രവിയുടെ മനസില്‍ പകയുണ്ടാക്കുന്നു. പിന്നീട് ജെയ്‌സനെ ആളുകളുടെ മുന്നിലിട്ട് അപമാനിക്കാനുള്ള ഒരവസരവും രവി പാഴാക്കുന്നില്ല. അതേസമയം മറ്റു കുട്ടികളോട് നല്ല രീതിയില്‍ ഇടപഴകി മികച്ച അധ്യാപകനെന്ന പേര് രവി ഉണ്ടാക്കുന്നുണ്ട്. തനിക്ക് വിരോധമുള്ള വിദ്യാര്‍ത്ഥികളെ മാത്രം തെരഞ്ഞുപിടിച്ച് അവരെ എല്ലാവരുടെയും മുന്നിലിട്ട് അപമാനിക്കുന്ന അധ്യാപകരെ അതേപടി ചിത്രീകരിച്ചിരിക്കുകയാണ് ഗിരീഷ് ഇതില്‍. രവി പദ്മനാഭനായി വിനീത് ശ്രീനിവാസന്റെ ഗംഭീര പ്രകടനമായിരുന്നു സിനിമയില്‍ ഉടനീളം.

ടോക്‌സിക് പ്രണയത്തെ വെള്ളപൂശിക്കൊണ്ട് സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത സിനിമയായിരുന്നു അര്‍ജുന്‍ റെഡ്ഡി. കലിപ്പന്‍-കാന്താരി പ്രണയത്തെ മഹത്വവത്കരിച്ചുകൊണ്ടിറക്കിയ ഈ സിനിമ കണ്ട് പല യുവാക്കളും അര്‍ജുന്‍ റെഡ്ഡിയെ അന്ധമായി അനുകരിച്ചിരുന്നു. അത്തരം ആള്‍ക്കാരുടെ പ്രതിനിധിയായിരുന്നു ഗിരീഷിന്റെ രണ്ടാമത്തെ സിനിമയായ സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന്‍.

അര്‍ജുന്‍ റെഡ്ഡി എന്ന ടോക്‌സിക് കഥാപാത്രത്തിന്റെ സ്പൂഫ് വെര്‍ഷനായ അജിത് മേനോനായിരുന്നു സൂപ്പര്‍ ശരണ്യയിലെ ഷോ സ്റ്റീലര്‍. തെലുങ്ക് വെര്‍ഷനില്‍ റെഡ്ഡിയെന്നും, തമിഴ് വെര്‍ഷനില്‍ വര്‍മയെന്നും, ഹിന്ദിയില്‍ സിങ് എന്നും ജാതിവാലുകള്‍ വെച്ചിറങ്ങിയ അര്‍ജുന്‍ റെഡ്ഡിയുടെ എല്ലാ വെര്‍ഷനിലുമുള്ള സവര്‍ണതയെയും കൂടിയാണ് ഗിരീഷ് എ.ഡി. അജിത്’മേനോന്‍’ എന്ന പേരിലൂടെ വരച്ചുകാട്ടിയത്. വിനീത് വിശ്വം എന്ന നടന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമാണ് അജിത് മേനോന്‍.

എല്ലാവരും ലിബറലായി ചിന്തിക്കുന്ന ഇന്നത്തെ കാലത്ത് പുറമെ ഫെമിനിസ്റ്റാണെന്ന് പറയുകയും ഉള്ളില്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധതകൊണ്ട് നടക്കുകയും ചെയ്യുന്ന നിരവധിയാളുകള്‍ സമൂഹത്തിലുണ്ട്. അത്തരം വ്യക്തികളെ പച്ചക്ക് വരച്ചുകാട്ടുകയാണ് പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ ഗിരീഷ്. പൊന്മുട്ട എന്ന വെബ് സീരീസിലൂടെ പ്രശസ്തനായ ശ്യാം മോഹനാണ് ആദിയെ അവതരിപ്പിക്കുന്നത്.

നായകനായ നസ്‌ലെന് മേലെയായിരുന്നു പല സീനിലും ശ്യാമിന്റെ പെര്‍ഫോമന്‍സ്. സ്ത്രീകളുടെ ഇഷ്ടം നേടിയെടുക്കാന്‍ അവരുടെ മുന്നില്‍ സ്ത്രീസമത്വവാദിയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും അവരുടെ എല്ലാ കാര്യത്തിലും ഇടപെട്ട് തന്റെ അഭിപ്രായം അവരില്‍ അടിച്ചേല്‍പ്പിച്ച്, അവരുടെ നന്മക്കാണെന്ന് പറയുന്ന, ന്യൂ ജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ കെയറേട്ടന്‍ എന്ന് പറയാവുന്ന കഥാപാത്രമാണ് ആദി.

ഇങ്ങനെ സമൂഹത്തില്‍ ഒരുവിഭാഗം ആളുകള്‍ വലിയ സംഭവമായി കൊണ്ടുനടക്കുന്ന ചിലയാളുകളെ ആന്റിഹീറോയായി അവതരിപ്പിക്കുന്ന ഗിരീഷ് എ.ഡി. യുടെ എഴുത്തിനെ അഭിനന്ദിക്കാതെ വഴിയില്ല. ഇനിയും ഇതുപോലുള്ള മികച്ച കഥാപാത്രങ്ങള്‍ ഗിരീഷിന്റെ തൂലികയില്‍ നിന്നും ഉണ്ടാകട്ടെ.

Content Highlight: Antihero characters of Gireesh A D

We use cookies to give you the best possible experience. Learn more