| Tuesday, 2nd August 2022, 11:34 am

ലൈംഗികപീഡന കേസ്; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലൈംഗികപീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ജാമ്യ ഉപാധികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അധ്യാപികയും യുവ എഴുത്തുകാരിയുമായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വാദം കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു.

സിവിക് ചന്ദ്രനെതിരെ രണ്ടാമതായി മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം.

പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിതയായ യുവതിയും കോടതിയെ സമീപിച്ചിരുന്നു.

2021 ഏപ്രിലില്‍ കോഴിക്കോട് കൊയിലാണ്ടിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

പരാതി നല്‍കി ദിവസങ്ങളോളം കഴിഞ്ഞിട്ടും സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ പോലുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നില്ല എന്ന പരാതിക്കാരിയുടെ ഭാഗത്ത് നിന്നും നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

അതേസമയം, 2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേല്‍, സിവിക് ചന്ദ്രനെതിരെ വീണ്ടും കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. യുവ എഴുത്തുകാരി നല്‍കിയ പരാതിയിലായിരുന്നു ഇയാള്‍ക്കെതിരെ രണ്ടാമതും ലൈംഗികപീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ കേസിലും മുന്‍കൂര്‍ ജാമ്യം തേടി സിവിക് ചന്ദ്രന്‍ വരുന്നദിവസം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.

Content Highlight: Anticipatory bail allowed for Civic Chandran in Rape case

We use cookies to give you the best possible experience. Learn more