|

കെ. സുധാകരനും ചെന്നിത്തലയ്ക്കും ഇന്ദിരാഗാന്ധിയെ ഓര്‍മ്മയുണ്ടോ ?

ബച്ചു മാഹി

“പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതി; എന്നാല്‍ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം”

“കേരള മന്ത്രിസഭയില്‍ നട്ടെല്ലുള്ള ഒരു മന്ത്രി പോലുമില്ല; അടുത്ത തിരഞ്ഞെടുപ്പില്‍ ആണുങ്ങള്‍ വന്നു വികസനം എത്തിച്ചോളും”.

കഴിഞ്ഞ ആഴ്ച കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ കെ. സുധാകരനും രമേശ് ചെന്നിത്തലയും യഥാക്രമം നടത്തിയ പ്രസ്താവനകള്‍ ആണവ. പിണറായിയെ വിമര്‍ശിക്കാന്‍ ഏതറ്റം വരെയും പ്രയോഗിക്കാനുള്ള ഉപമാലങ്കാരങ്ങള്‍ക്ക് മലയാളഭാഷയില്‍ പഞ്ഞമില്ലെന്നിരിക്കെ, സ്ത്രീ എന്ന സ്വത്വത്തെ തന്നെ ആക്ഷേപപ്രയോഗമാക്കി മാറ്റിയത്, സ്ത്രീകളോടുള്ള നമ്മുടെ ആണധികാര രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാട് എന്താണ് എന്നതിനും ലിംഗസമത്വം എന്ന ആശയത്തെ ഇവരൊക്കെ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിനും ഉദാഹരണം തീര്‍ക്കുന്നുണ്ട്.

മുന്‍ചൊന്ന മഹാന്മാര്‍ “ഇന്ദിരാ കോണ്‍ഗ്രസി”ന്റെ അമരക്കാരാണ് എന്നതാണ് ഇതിലെ ഐറണി. ഏകാധിപത്യത്തിന്റെ അംശം കൊണ്ട് ഒട്ടൊക്കെ കറ വീണെങ്കിലും ആര്‍ജ്ജവം കൊണ്ട്, നിശ്ചയദാര്‍ഢ്യം കൊണ്ട് ഇന്ത്യ എക്കാലവും ഓര്‍ക്കുന്ന ഭരണാധികാരിയാണ് ഇന്ദിര. “ആണുങ്ങള്‍” കൊണ്ടുനടന്ന സംഘടനാ കോണ്‍ഗ്രസിനെ കൈയിലിട്ട് കശക്കി പൊടിച്ചുകളഞ്ഞ്, അതില്‍നിന്ന് തനിക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹം പോലൊരു പാര്‍ട്ടിയെ കുഴച്ചെടുത്ത് ഇവരെപ്പോലെ കുറെ റാന്‍ മൂളികളെക്കൊണ്ട് അന്നുമിന്നും ജയ് വിളിപ്പിച്ച, അത്രമേല്‍ ആജ്ഞാശക്തിയുണ്ടായിരുന്ന മറ്റേത് നേതാവുണ്ടായിരുന്നു കോണ്‍ഗ്രസില്‍?

പത്തുവര്‍ഷം ബി.ജെ.പിയെ തടഞ്ഞുനിര്‍ത്തിയ യു.പി.എ എന്ന സംവിധാനത്തിന്റെ അലകും പിടിയുമായ സോണിയ ഗാന്ധി, ഈയടുത്ത് വരെ അതേ ഇന്ദിരാ കോണ്‍ഗ്രസിന്റെ അഥവാ തങ്ങളുടെയൊക്കെ അധ്യക്ഷ ആയിരുന്നു എന്നതും ഇവര്‍ മറന്നുപോയോ?

ഇന്ന് ഇന്ത്യയില്‍ത്തന്നെ, ജനാധിപത്യത്തെയും ഫെഡറലിസത്തെയും നോക്കുകുത്തിയാക്കി സ്വേച്ഛാധിപത്യവാഴ്ച നടത്തുന്ന കേന്ദ്രഭരണകൂടത്തോട്, അതിനെ നിയന്ത്രിക്കുന്ന സംഘപരിവാര്‍ ഫാഷിസ്റ്റുകളോട്, “പോയി പണിനോക്കിനെടാ” എന്ന് ഉറച്ചുപറയുന്നത്, ഇന്ത്യയിലെ ഏക വനിതാ മുഖ്യമന്ത്രി കൂടിയായ പശ്ചിമ ബംഗാളിലെ മമതയാണ്. ഡബിള്‍ ചങ്കന്മാരും ട്രിപ്ള്‍ ചങ്കന്മാരും കേന്ദ്രസര്‍ക്കാറിന് മുന്നില്‍ മാത്രമല്ല ഭരണപ്പാര്‍ട്ടിയുടെ അധ്യക്ഷന് മുന്നില്‍ വരെ ഓച്ഛാനിച്ച് തൊഴുകൈ പ്രണാമം അര്‍പ്പിക്കുമ്പോള്‍ ആണിത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, മുന്‍ യു.പി. മുഖ്യമന്ത്രി മായാവതി എന്നിവരും ഇന്ത്യ ഇന്നോളം കണ്ട ഭരണകര്‍ത്താക്കളില്‍ തങ്ങളുടേതായ വേറിട്ട ഇരിപ്പിടം സ്വന്തമാക്കിയവരാണ്. ഒരു പുരുഷന്‍ ആയിരുന്നു അവരുടെ സ്ഥാനത്ത് എങ്കില്‍ സമവായം കളിച്ച് ഒരിക്കലും നടപ്പാക്കില്ലായിരുന്ന പല ഭരണപരിഷ്‌ക്കാരങ്ങളും അവരുടേതായിട്ടുണ്ട്.

ഭരണകര്‍ത്താക്കള്‍ എന്ന നിലക്ക് ഇവരുടെയൊക്കെ എല്ലാ നടപടികളും വിമര്‍ശനാതീതമാണ് എന്നോ, അവരിലെ ഏകാധിപത്യ/ അഴിമതി പ്രവണതകള്‍ മഹത്വവല്‍ക്കരിക്കപ്പെടണം എന്നോ വാദമില്ല. എന്നാല്‍ അതേക്കാള്‍ ഏകാധിപത്യ-അഴിമതി വാഞ്ഛയുള്ള പുരുഷസമ്രാട്ടുകള്‍ വന്‍ ദുരന്തങ്ങള്‍ മാത്രമായി ഒടുങ്ങിയിടത്ത് ഈ സ്ത്രീ ഭരണാധികാരികള്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്.

സുധാകര-ചെന്നിത്തലാദി മനോനില പ്രബുദ്ധകേരളത്തിലെ ഒരു പാര്‍ട്ടിയില്‍ മാത്രം പരിമിതമല്ല എന്നതിന്റെ നേര്‍സാക്ഷ്യമാണ് സംസ്ഥാന രൂപീകരണത്തിന്റെ എഴുപതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമുക്കൊരു വനിതാ മുഖ്യമന്ത്രി ഇല്ലാതെ പോയത്. ആണുങ്ങള്‍ ഭരിച്ച സ്ഥാനത്ത് അസ്സല്‍ പെമ്പിളൈകള്‍ ഭരിച്ചിരുന്നെങ്കില്‍ ഇതിനകം പതിന്മടങ്ങ് പുരോഗമനത്തിളക്കം കൈവന്നേനെ കേരളത്തില്‍ എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

സ്വന്തം പ്രയത്‌നത്താല്‍ ഉന്നതിയിലെത്തിയ രണ്ട് വനിതകള്‍ക്ക്, കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് അവര്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടിയിലെ ലിംഗ-ജാതി സമവാക്യങ്ങളുടെ പിന്നാമ്പുറ പകിടകളികള്‍ കൊണ്ട് കൂടിയായിരുന്നു. 1987-ല്‍ ഇടതുമുന്നണി അധികാരത്തിലേറിയത് കെ.ആര്‍. ഗൗരിയമ്മ എന്ന പോരാളിയെ മുന്‍നിര്‍ത്തി പ്രചാരണം നയിച്ചാണ്. 1996-ല്‍ ആ സ്ഥാനത്ത് വരേണ്ടിയിരുന്നത് നിസ്സംശയം സുശീലാ ഗോപാലനും. പാര്‍ട്ടിക്ക് അടിത്തറ തീര്‍ത്ത ആലപ്പുഴയില്‍നിന്നുള്ള ഈഴവ സമുദായംഗങ്ങള്‍ ആയിരുന്നു രണ്ടുപേരും. എന്നാല്‍ രണ്ടുതവണയും അവസാന നിമിഷം ആ പെണ്ണുങ്ങളെ വെട്ടിമാറ്റി, ചിത്രത്തിലേ ഇല്ലാതിരുന്ന ഇ.കെ. നായനാര്‍ എന്ന സവര്‍ണ്ണ പുരുഷന്‍ പ്രസ്തുത സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നതിന് നാം സാക്ഷ്യം വഹിക്കേണ്ടി വന്നു.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് വനിതകള്‍ക്ക് ന്യായമായ സ്ഥാനം വലിയൊരളവോളം അനുവദിച്ചുകൊടുത്തിരുന്നു എന്ന് സമ്മതിക്കുമ്പോഴും ആ കോണ്‍ഗ്രസ് തന്നെയോ ഈ കോണ്‍ഗ്രസ് എന്ന് ശങ്കിക്കേണ്ട സ്ഥിതിയാണ് കേരളത്തില്‍. ശബരിമല വിഷയത്തെ മുന്‍നിര്‍ത്തിയുള്ള എണ്ണമറ്റ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഒക്കെ മാറ്റിനിര്‍ത്താം. നായര്‍-സവര്‍ണ്ണ ക്രിസ്ത്യാനി വീതം വെപ്പ് മാത്രം അതിനിഷ്‌കര്‍ഷയോടെ നടക്കുന്ന കേരളപ്രദേശ് കോണ്‍ഗ്രസില്‍ ജനസംഖ്യയുടെ പാതിയിലേറെ വരുന്ന ലിംഗവിഭാഗത്തെ പാടെ വിസ്മരിക്കുന്ന അവസ്ഥയാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോയിട്ട് മന്ത്രിപദവിയിലേക്ക് പോലും പേരിന് പോലും സ്ത്രീകളെ ലഭ്യമാകുന്നില്ല എന്നതാണവസ്ഥ. 2011-ല്‍ അധികാരത്തിലേറിയപ്പോള്‍ യു.ഡി.എഫ് ക്യാമ്പില്‍ ഉണ്ടായിരുന്നത് ജയലക്ഷ്മി എന്ന ഏക വനിതാ എം.എല്‍.എ. ആയിരുന്നല്ലോ. സാമുദായിക രാഷ്ട്രീയ പ്രതിനിധാനങ്ങളായ മുസ്‌ലിം ലീഗിന്റെയോ കേരള കോണ്‍ഗ്രസിന്റെയോ വനിതാ പ്രതിനിധ്യം ചര്‍ച്ച ചെയ്യുക എന്ന ഭീകര സാഹസത്തിന് തല്‍ക്കാലം മുതിരുന്നില്ല.

ഇനിയെങ്കിലും കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വേണം എന്ന ആവശ്യം ശക്തി പ്രാപിക്കട്ടെ.

2011-ലെ സെന്‍സസ് അനുസരിച്ച് ആയിരം പുരുഷന് 1084 സ്ത്രീകളാണ്. എന്നുവെച്ചാല്‍ 52% ആണ് സ്ത്രീജനസംഖ്യ. അതനുസരിച്ച് അസംബ്ലി-ലോകസഭാ ഇലക്ഷനുകളില്‍ പാതി സീറ്റിലെങ്കിലും സ്ത്രീകള്‍ക്ക് അര്‍ഹതയില്ലേ? പണ്ട് യു.പി.എ കാലത്ത് സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ ഉറപ്പാക്കുന്ന 2008-ലെ വനിതാസംവരണ ബില്ലിന്റെ ഗതിയെന്തായി?

എന്തുകൊണ്ട് മൂന്നുദിവസം കൊണ്ട് നിയമമായ സവര്‍ണ്ണ സംവരണ ബില്ലിന്റെ കാര്യത്തിലെ ശുഷ്‌കാന്തി വനിതാ സംവരണ ബില്ലില്‍ കാണില്ല എന്നതിലേക്ക് കേരളത്തെ മുന്‍നിര്‍ത്തി ചെറിയ സൂചന നല്‍കാം. കേരളത്തില്‍ നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ 21- ലോകസഭാ അംഗങ്ങളും, 10 രാജ്യസഭാ അംഗങ്ങളും ആണുള്ളത്. മൊത്തം 31 പേരില്‍ കണ്ണൂരില്‍ നിന്നുള്ള ശ്രീമതി ടീച്ചര്‍ ആണ് ഏക വനിത. എന്നുവെച്ചാല്‍ ശതമാനക്കണക്കില്‍ 3.22. സംവരണ ബില്‍ പാസ്സായാല്‍ കിട്ടാനുള്ളതിന്റെ പത്തിലൊന്ന്.

സ്ത്രീകള്‍ക്ക് ആവശ്യം വ്യാജ നവോത്ഥാന വായ്ത്താരികള്‍ അല്ല; അര്‍ഹമായ പ്രാതിനിധ്യമാണ് എന്ന് ഇനിയെങ്കിലും ഉറക്കെ പറഞ്ഞേ തീരൂ. ഏതെങ്കിലും ക്ഷേത്രത്തിലോ പള്ളിയിലോ പ്രവേശിപ്പിച്ചാലും ഇല്ലെങ്കിലും അവരുടെ അവസ്ഥയില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ വരാനില്ല. എന്നാല്‍ നിയമനിര്‍മ്മാണസഭകളില്‍ പ്രാതിനിധ്യം കൈവരുന്നത് വളരെ അത്യന്താപേക്ഷിതമാണ് താനും. ഇരുട്ടുകള്‍ കൊണ്ട് ഓട്ടയടക്കാതെ ഇനിയുള്ള മുറവിളികള്‍ വരാന്‍ പോകുന്ന ലോകസഭാ ഇലക്ഷന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മതിയായ പ്രാതിനിധ്യത്തിന് വേണ്ടിയാകട്ടെ.

ബച്ചു മാഹി