| Thursday, 28th June 2018, 4:31 pm

പ്രതിഷേധം 'പിണക്ക'മാക്കി മനോരമ; തലക്കെട്ടില്‍ സ്ത്രീവിരുദ്ധതയും

അന്ന കീർത്തി ജോർജ്

താരസംഘടനയായ എ.എം.എം.എയിലേക്ക് നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ച വാര്‍ത്തക്ക് മലയാള മനോരമ ദിനപ്പത്രം നല്‍കിയ തലക്കെട്ട് വിവാദമാകുന്നു. സ്ത്രീവിരുദ്ധവും നാല് നടിമാരുടെ ധീരമായ തീരുമാനത്തെ കുറച്ചുകാണിക്കുന്നതുമാണ് തലക്കെട്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന വിമര്‍ശനങ്ങളില്‍ സൂചിപ്പിക്കുന്നത്.

“ചിറ്റമ്മ നയത്തില്‍ പിണങ്ങി പെണ്‍ പടിയിറക്കം” എന്നാണ് മനോരമയുടെ ആദ്യ പേജില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട്.

പിണങ്ങി എന്ന വാക്കുപയോഗിച്ചതിനെതിരെയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായി എതിര്‍പ്പുവന്നിരിക്കുന്നത്. പ്രതിഷേധിച്ചു, പ്രതികരിച്ചു, പൊരുതി എന്ന വാക്കുകള്‍ക്കു പകരം “പിണങ്ങി” എന്ന പദമുപയോഗിച്ചത് സംഘടനയിലെ പുരുഷാധിപത്യവാഴ്ചക്കെതിരെയും അന്യായങ്ങള്‍ക്കെതിരെയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചവരെ താഴ്ത്തിക്കെട്ടലാണെന്നാണ് പൊതുവെ ഉയര്‍ന്നുവന്നിരിക്കുന്ന അഭിപ്രായം.

“പിണങ്ങി” എന്ന് നുള്ളേം പിച്ചേം ചെയ്തതിന് പിള്ളേര് പിണങ്ങുന്ന പോലെ ഇറങ്ങിപ്പോയതല്ല മനോരമേ അവര്‍. സ്വന്തം സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്കൊപ്പം “പൊരുതിയും” , ആക്രമങ്ങള്‍ക്കെതിരെ “പ്രതിഷേധിച്ചും ” ,ആക്രമിയെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ “പ്രതികരിച്ചും” ഇറങ്ങിപ്പോന്നതാണ്. വാക്കുകള്‍ ശ്രദ്ധിച്ചോ… പൊരുതി, പ്രതികരിച്ച്, പ്രതിഷേധിച്ച് …അങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ മണ്ടേല് മൂള വേണം – മുഹമ്മദ് സുഹറാബി ഫേസ്ബുക്കില്‍ കുറിച്ചു.


Read Also : രമ്യയും ഗീതും ഭാവനയുമൊക്കെ രാജിവെച്ചതെന്തിനാണെന്ന് വ്യക്തമായി അറിയാം; ഞാന്‍ അവര്‍ക്കൊപ്പം: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്


കാലകാലങ്ങളായി വിവേചനത്തെയും പക്ഷപാതത്തെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന മലയാളത്തിലെ ചിറ്റമ്മ എന്ന പദം നടിമാര്‍ രാജിവെച്ച വിഷയത്തില്‍ ഉപയോഗിച്ചതും ശരിയായില്ല എന്ന അഭിപ്രായങ്ങളും വരുന്നുണ്ട്.

വാര്‍ത്തക്കൊപ്പമുള്ള ചിറ്റമ്മ നയത്തില്‍ പിണങ്ങി എന്ന തലക്കെട്ടു കൂടി ഒപ്പം വായിക്കണം. സ്ത്രീ വിരുദ്ധതയ്ക്ക് മീതെ സ്ത്രീ വിരുദ്ധതയാണ് ഈ തലക്കെട്ട്. എന്തു രാഷ്ട്രീയം ഒരു കൂട്ടര്‍ പറയാന്‍ ശ്രമിക്കുന്നുവോ അതിനെ അപമാനിക്കുന്ന തലക്കെട്ടുകളോടെ തന്നെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും ഫേസ്ബുക്കില്‍ പറയുന്നു.

“അവള്‍ക്കൊപ്പം അവരും അമ്മ വിട്ടു” “നാലു നടിമാര്‍ അമ്മ വിട്ടു” “അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവെച്ചു” എന്നിങ്ങനെയാണ് മറ്റു പ്രമുഖ ദിനപ്പത്രങ്ങളില്‍ വന്ന തലക്കെട്ടുകള്‍.


Read Also : A.M.M.A യെ തിരിഞ്ഞുകൊത്തി അന്നത്തെ മമ്മൂട്ടിയുടെ വാക്കുകള്‍ ; ദിലീപിനെ പുറത്താക്കുമ്പോള്‍ പറഞ്ഞത് ഇങ്ങനെ


താന്‍ കൂടി അംഗമായ സംഘടന മുന്‍പ് പരാതിപ്പെട്ടപ്പോഴും ആ നടനെതിരെ നടപടിയൊന്നുമെടുത്തിട്ടില്ലെന്നും അതിനു ശേഷം ഇത്രയും മോശപ്പെട്ട അനുഭവമുണ്ടായപ്പോഴും കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാലാണ് രാജിയെന്നുമായിരുന്നു ആക്രമണത്തെ അതിജീവിച്ച നടി പറഞ്ഞത്.

അവള്‍ക്കു പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ടാണ് അ.ങ.ങ.അ യില്‍ നിന്നു തങ്ങള്‍ രാജിവെക്കുന്നതെന്ന് റിമ കല്ലിങ്കിലും ഗീതു മോഹന്‍ദാസും രമ്യ നമ്പീശനും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നാല് പേരുടെയും ഫേസ്ബുക്ക് പോസ്റ്റില്‍ അ.ങ.ങ.അയുടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെയും മഴവില്ലവകില്‍ അമ്മ എന്ന പരിപാടിയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെയും മറ്റു വിഷയങ്ങളിലുമുള്ള എതിര്‍പ്പുകള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമപ്രവത്തകര്‍ ആരംഭിച്ച ഹാഷ്ടാഗ് ക്യാംപെയിനു വലിയ പിന്തുണ ലഭിച്ച പശ്ചാത്തതലത്തില്‍ തന്നെയാണ് മനോരമയുടെ തലക്കെട്ടിനെതിരെയും പ്രതിഷേധം ശക്തമായിരിക്കുന്നത്.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more